താഹിർ ഹുസൈന്റെ സഹായിക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു; കള്ള സാക്ഷികളെന്ന് നിരീക്ഷണം
സാക്ഷികളെക്കുറിച്ചുള്ള കോടതിയുടെ നിരീക്ഷണം മറ്റ് പ്രതികൾക്കും ഗുണം ചെയ്യുമെന്നും അവരുടെ മോചനത്തിന് വഴിയൊരുക്കുമെന്നും നിയമ വിദഗ്ധർ പറഞ്ഞു.
ന്യൂഡൽഹി: ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന വംശീയാതിക്രമവുമായി ബന്ധപ്പെട്ട കേസിൽ ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈന്റെ അടുത്ത സഹായി ഇർഷാദ് അഹമ്മദിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. സംഭവത്തിൽ ദൃക്‌സാക്ഷികളായ രണ്ട് പോലിസ് കോൺസ്റ്റബിൾമാർ അഹമ്മദിനെതിരേ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
അഹമ്മദിനെ ജാമ്യത്തിൽ വിടാൻ വിസമ്മതിച്ച അഡീഷണൽ സെഷൻസ് ജഡ്ജി വിനോദ് യാദവിന്റെ വിചാരണ കോടതി ഉത്തരവ് ജസ്റ്റിസ് സുരേഷ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ബുധനാഴ്ച റദ്ദാക്കി. കലാപം, പൊതു സ്വത്ത് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അഹമ്മദിനെതിരേ പോലിസ് ആരോപിച്ചിരിക്കുന്നത്.
വംശീയാതിക്രമവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരേ ഏഴ് കേസുകൾ കൂടി നിലവിലുണ്ട്. അഹമ്മദിന് ജാമ്യം ലഭിച്ച ആദ്യ കേസാണിത്. മറ്റ് കേസുകളിൽക്കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ അഹമ്മദിന് ജയിൽ മോചിതിനാകാനാവൂ. 25,000 രൂപയുടെ വ്യക്തിഗത ബോണ്ടിൻമേലാണ് ജഡ്ജി അഹമ്മദിന് ജാമ്യം അനുവദിച്ചത്. സാക്ഷികളെക്കുറിച്ചുള്ള കോടതിയുടെ നിരീക്ഷണം മറ്റ് പ്രതികൾക്കും ഗുണം ചെയ്യുമെന്നും അവരുടെ മോചനത്തിന് വഴിയൊരുക്കുമെന്നും നിയമ വിദഗ്ധർ പറഞ്ഞു.
കോൺസ്റ്റബിൾ പവന്റെയും കോൺസ്റ്റബിൾ അങ്കിതിന്റെയും സാക്ഷിമൊഴി പ്രകാരം അവർ അഹമ്മദിനേയും കൂട്ടുപ്രതികളെയും തിരിച്ചറിഞ്ഞിരുന്നു. എന്നിരുന്നാലും, സംഭവ തീയതി, അതായത് 2020 ഫെബ്രുവരി 25 ന് അവർ ഒരു പരാതിയും നൽകിയിട്ടില്ല, അതേസമയം 2020 ഫെബ്രുവരി 28 ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അതിനാൽ, സാക്ഷികൾ വ്യാജമാണോയെന്ന് തോന്നുന്നുവെന്ന് ജസ്റ്റിസ് കൈറ്റ് തന്റെ ഉത്തരവിൽ കുറിച്ചു.
