ദില്ലി ജെന്‍ സി പ്രതിഷേധം; അറസ്റ്റിലായവരില്‍ മലയാളികളും

Update: 2025-11-24 18:32 GMT

ന്യൂഡല്‍ഹി: ദില്ലി വായുമലിനീകരത്തിന് എതിരായ പ്രതിഷേധത്തില്‍ അറസ്റ്റിലായവരില്‍ മലയാളികളും. തൃശ്ശൂര്‍, മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്. ദില്ലിയിലെ രണ്ട് പോലിസ് സ്റ്റേഷനുകളിലായാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടുപേരേയും പട്യാല കോടതിയില്‍ ഹാജരാക്കി. ഒരാള്‍ നിയമ ബിരുദ വിദ്യാര്‍ഥിയും ഒരാള്‍ നിയമ ബിരുദം പൂര്‍ത്തിയാക്കിയ ആളുമാണ്. വായുമലിനീകരണത്തിനെതിരെ കഴിഞ്ഞ ദിവസം പ്രതിഷേധം നടത്തിയവര്‍ അര്‍ബന്‍ നക്‌സലുകളാണെന്നാണ് ഡല്‍ഹി പോലിസ് പറയുന്നത്. പ്രതിഷേധക്കാര്‍ മാവോവാദി ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്ന് കോടതിയില്‍ പോലിസ് അറിയിച്ചു. വായുമലിനീകരണത്തിന് എതിരായ പ്രതിഷേധം അല്ല ഇവര്‍ ഉദ്ദേശിച്ചതെന്നും പോലിസിനെ ആക്രമിച്ചെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.

ഇന്ത്യ ഗേറ്റില്‍ നടന്ന പ്രതിഷേധത്തില്‍ മാവോവാദി നേതാവിന്റെ ചിത്രവും പേരും അടങ്ങിയ പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ച പശ്ചാത്തലത്തിലാണ് അന്വേഷണം. പ്രതിഷേധത്തിനിടെ പോലിസിനു നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച 15 പേരെ അറസ്റ്റ് ചെയ്തതായും പോലിസ് അറിയിച്ചു. ദില്ലി കോര്‍ഡിനേഷന്‍ കമ്മിറ്റി ഫോര്‍ ക്ലീന്‍ എയര്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസം ഇന്ത്യ ഗേറ്റിന് മുന്നില്‍ വായുമലിനീകരണത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ സമയത്ത് ഉയര്‍ത്തിപ്പിടിച്ച പോസ്റ്ററുകളില്‍ ഒന്നില്‍ ഈയിടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദി കമാന്‍ഡര്‍ മാധ്വി ഹിദ്മയുടെ ചിത്രം പ്രത്യക്ഷപ്പെട്ടതാണ് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് വഴിവച്ചത്.