ഡല്‍ഹിയില്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷം; എഎപി പ്രവര്‍ത്തകന്റെ മുഖത്തടിക്കാനൊരുങ്ങി അല്‍ക ലാംബ
എഎപി പ്രവര്‍ത്തകരും ചാന്ദ്‌നി ചൗക്കിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അല്‍ക ലാംബയും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കാലാശിച്ചത്. അല്‍ക എഎപി പ്രവര്‍ത്തകന്റെ മുഖത്തടിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടയില്‍ എഎപി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. എഎപി പ്രവര്‍ത്തകരും ചാന്ദ്‌നി ചൗക്കിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അല്‍ക ലാംബയും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കാലാശിച്ചത്. അല്‍ക എഎപി പ്രവര്‍ത്തകന്റെ മുഖത്തടിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മന്‍ജു കടിലയ്ക്ക് സമീപമുള്ള പോളിങ് ബൂത്തിന് മുന്നിലായിരുന്നു സംഭവം. വാക്കുതര്‍ക്കം കൈയാങ്കളിയിലെത്തിയതോടെ പോലിസ് വിഷയത്തില്‍ ഇടപെടുകയും അല്‍ക പരാതി ഉന്നയിച്ചതോടെ എഎപി പ്രവര്‍ത്തകനെ പോലിസ് പിടിച്ചുമാറ്റുകയും ചെയ്തു.
ഇതുസംബന്ധിച്ച് എഎപി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്ന് എഎപി വക്താവ് സഞ്ജയ് സിങ് അറിയിച്ചു. 'പോളിങ് ബൂത്തില്‍നിന്ന് പുറത്തുവരുമ്പോള്‍ അകത്ത് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് പോലിസ് ഉദ്യോഗസ്ഥനുമായി എഎപി സ്ഥാനാര്‍ഥി വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതാണ് ഞാന്‍ കണ്ടത്. ആ സമയത്ത് എഎപി പ്രവര്‍ത്തകനായ ഹര്‍മേഷ് മോശമായ ഭാഷയില്‍ എനിക്കെതിരേ സംസാരിച്ചു. അദ്ദേഹത്തെ പെട്ടെന്ന് അറസ്റ്റുചെയ്ത പോലിസിന് ഞാന്‍ നന്ദി അറിയിക്കുന്നു'- അല്‍ക പറഞ്ഞു. ചാന്ദ്‌നി ചൗക്ക് എംഎല്‍എ ആയിരുന്ന അല്‍ക കെജ്‌രിവാളുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്നാണ് എഎപി വിടുന്നത്.
