ഡല്‍ഹിയില്‍ പോളിങ് 62.59 ശതമാനം; ആരോപണങ്ങള്‍ നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടിങ് സംബന്ധിച്ച സൂക്ഷ്മപരിശോധനകള്‍ നടത്തേണ്ടതുണ്ടായിരുന്നുവെന്നും അതിനാലാണ് പോളിങ് സംബന്ധിച്ച വിവരങ്ങള്‍ വൈകിയതെന്നും അദ്ദേഹം പറഞ്ഞു. ഒന്നിലധികം തവണ സൂക്ഷ്മപരിശോധന നടത്തി.

Update: 2020-02-09 14:52 GMT

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് ശതമാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി പുറത്തുവിട്ടു. 62.59 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ രണ്‍ബീര്‍ സിങ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടിങ് ശതമാനം പുറത്തുവിടാത്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമകണക്കുകള്‍ പുറത്തുവിട്ടത്. വോട്ടിങ് സംബന്ധിച്ച സൂക്ഷ്മപരിശോധനകള്‍ നടത്തേണ്ടതുണ്ടായിരുന്നുവെന്നും അതിനാലാണ് പോളിങ് സംബന്ധിച്ച വിവരങ്ങള്‍ വൈകിയതെന്നും അദ്ദേഹം പറഞ്ഞു. ഒന്നിലധികം തവണ സൂക്ഷ്മപരിശോധന നടത്തി.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ രണ്ടുശതമാനം വോട്ടുകള്‍ കൂടുതല്‍ പോള്‍ ചെയ്തിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 60.5% ആയിരുന്നു പോളിങ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അഞ്ചുശതമാനം വോട്ട് കുറഞ്ഞു. സ്ത്രീകളില്‍ 62.55 ശതമാനം പേരും പുരുഷന്‍മാരില്‍ 62.62 ശതമാനം പേരും വോട്ടുചെയ്തു. വെല്ലിമാരന്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്തത്- 71.6% വോട്ടുകളാണ് ഇവിടെ പോള്‍ ചെയ്തത്. ശഹീന്‍ബാഗ് ഉള്‍പ്പെടുന്ന ഒഖ്‌ല മേഖലയില്‍ 58.84 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്തത്. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് ഡല്‍ഹിയിലെ കന്റോണ്‍മെന്റ് മണ്ഡലത്തിലാണ്. ഇവിടെ 45.4 ശതമാനമാണ് പോളിങ്.

അതേസമയം, വോട്ടിങ് മെഷീനുകളില്‍ കൃത്രിമത്വം നടന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. തിഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല. പോളിങ് കണക്കില്‍ കൃത്യത ഉറപ്പുവരുത്തുക എന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. റിട്ടേണിങ് ഓഫിസര്‍മാരാണ് വോട്ടിങ്ങിന്റെ വിവരങ്ങള്‍ സമര്‍പ്പിക്കുന്നത്. അവര്‍ രാത്രി മുഴുവന്‍ തിരക്കിലായിരുന്നു. കൂടാതെ പരിശോധനയ്ക്ക് സമയമെടുത്തുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ബാബര്‍പൂരില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തട്ടിപ്പ് നടത്തിയെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആരോപണങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.

യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന കേന്ദ്രങ്ങളിലേക്കാണ് അവര്‍ പോയത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയെന്നും ഇവിഎം തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടില്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. പോളിങ് കഴിഞ്ഞ് 24 മണിക്കൂര്‍ പിന്നിട്ടിട്ടും അവസാനവട്ട പോളിങ് ശതമാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടാത്തത് ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു കെജ്‌രിവാള്‍ പ്രതികരിച്ചപ്പോള്‍, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നായിരുന്നു എഎപി മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ്ങിന്റെ ആരോപണം. ബാബര്‍പൂരില്‍ വോട്ടിങ് മെഷീന്‍ തട്ടിയെടുത്തുവെന്ന ആരോപണവും എഎപി നേതാക്കള്‍ ഉന്നയിച്ചു.  

Tags: