ഡല്‍ഹിയില്‍ കൊവിഡ് ബാധിതര്‍ 20,000 കടന്നു; 24 മണിക്കൂറിനുള്ളില്‍ 990 പുതിയ കേസുകള്‍

കൊവിഡ് മൂലമുള്ള മരണസംഖ്യ 523 ആയി ഉയര്‍ന്നിരിക്കുകയാണ്. ഡല്‍ഹിയില്‍ രണ്ട് സിബിഐ ഉദ്യോഗസ്ഥരും ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.

Update: 2020-06-01 16:41 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഡല്‍ഹിയില്‍ 990 പുതിയ കേസുകള്‍കൂടി റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറുനുള്ളിലാണ് ഇത്രയും പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 20,000 കടന്നു. ഒരുദിവസംകൊണ്ട് 268 പേര്‍ക്ക് രോഗമുക്തിയുണ്ടായപ്പോള്‍ ഇന്ന് 12 പേര്‍ കൂടി മരണത്തിന് കീഴടങ്ങി. കൊവിഡ് മൂലമുള്ള മരണസംഖ്യ 523 ആയി ഉയര്‍ന്നിരിക്കുകയാണ്. ഡല്‍ഹിയില്‍ രണ്ട് സിബിഐ ഉദ്യോഗസ്ഥരും ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.

രണ്ടുപേരും നേരത്തെ തന്നെ നിരീക്ഷണത്തിലായിരുന്നുവെന്നും വേണ്ട സുരക്ഷാക്രമീകരണങ്ങള്‍ എടുത്തിട്ടുണ്ടെന്നും സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. 20,834 കേസുകളുള്ള മഹാരാഷ്ട്രയ്ക്കും തമിഴ്‌നാട്ടിനും ശേഷം ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ ദേശീയതലസ്ഥാനം മൂന്നാമതാണ്. അതേസമയം, സംസ്ഥാന അതിര്‍ത്തികള്‍ ഒരാഴ്ച അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

പാസുള്ളവര്‍ക്ക് മാത്രമേ പ്രവേശന അനുമതിയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, അതിര്‍ത്തികള്‍ തുറക്കുന്ന കാര്യത്തില്‍ കെജ്‌രിവാള്‍ പൊതുജനങ്ങളുടെ അഭിപ്രായവും തേടി. അതിര്‍ത്തി തുറന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഡല്‍ഹിയിലേക്ക് ചികില്‍സയ്ക്കായി ആളുകളെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ കൊവിഡ് രോഗികള്‍ക്കായി 9,500 കിടക്കകളുണ്ട്. ഡല്‍ഹിയിലുളളവര്‍ക്ക് ആര്‍ക്കെങ്കിലും രോഗം ബാധിച്ചാല്‍ അവര്‍ക്കൊരു കിടക്കയുണ്ടാവുമെന്ന് ഉറപ്പുതരാനാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:    

Similar News