ഡല്‍ഹി സ്‌ഫോടനം; ഉമര്‍ മുഹമ്മദിന്റെ വീട് സുരക്ഷാസേന ഇടിച്ചുനിരത്തി

Update: 2025-11-14 08:45 GMT

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഉമര്‍ മുഹമ്മദ് എന്ന ഉമര്‍ ഉന്‍ നബിയുടെ കശ്മീരിലെ വീട് സുരക്ഷാസേന തകര്‍ത്തു. സ്ഫോടനത്തിന് പിന്നില്‍ ഉമര്‍ ആണെന്നാണ് ആരോപണം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തെക്കന്‍ കശ്മീരിലെ പുല്‍വാമയിലുള്ള വീട് ഇടിച്ചുനിരത്തിയത്. മുമ്പ് പഹല്‍ഗാം ആക്രമണത്തില്‍ ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച് നിരവധി പേരുടെ വീടുകള്‍ പൊളിച്ചിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം 13 പേര്‍ മരിക്കുകയും 20-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍, ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയിലെ ഡോക്ടറായ ഉമറാണ് ചെങ്കോട്ടയ്ക്ക് സമീപം നേതാജി സുഭാഷ് മാര്‍ഗിലെ ട്രാഫിക് സിഗ്നലിനടുത്ത് വെച്ച് പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ20 കാര്‍ ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു. സ്ഫോടന സ്ഥലത്ത് നിന്ന് കണ്ടെത്തിയതും ഇയാളുടെ അമ്മയില്‍ നിന്ന് ശേഖരിച്ചതുമായ ഡിഎന്‍എ സാമ്പിളുകള്‍ ഒത്തുനോക്കിയാണ് കാറില്‍ ഉമറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.