ഡല്‍ഹി സ്‌ഫോടനം; മൂന്നു ദിവസത്തേക്ക് ചെങ്കോട്ട അടച്ചിടും

Update: 2025-11-11 07:44 GMT

ന്യൂഡല്‍ഹി: തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ മൂന്നു ദിവസത്തേക്ക് ചെങ്കോട്ട അടച്ചിടാന്‍ തീരുമാനം. നവംബര്‍ 11,12,13 തിയ്യതികളില്‍ ചെങ്കോട്ട വിനോദസഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) അറിയിച്ചു.

ഡല്‍ഹി പോലിസിന്റെ കോട്വാലി സ്റ്റേഷന്‍, ചെങ്കോട്ട താല്‍ക്കാലികമായി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കിളിന് കത്തെഴുതിയതിനെ തുടര്‍ന്നാണ് അടച്ചുപൂട്ടല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പോലിസ് അന്വേഷണത്തെ പിന്തുണയ്ക്കുന്നതിനും പൊതുജന സുരക്ഷ നിലനിര്‍ത്തുന്നതിനുമാണ് പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് എഎസ്‌ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സുരക്ഷാ അനുമതിക്ക് വിധേയമായി, അന്വേഷണ പൂര്‍ത്തിയാക്കിയ ശേഷം സ്ഥലം വീണ്ടും തുറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ചെങ്കോട്ട മെട്രൊ സ്റ്റേഷന് സമീപമുള്ള ട്രാഫിക് സിഗ്‌നലില്‍ വൈകുന്നേരം 6.52 നാണ് സ്‌ഫോടനം നടന്നത്. തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ കുറഞ്ഞത് ആറ് കാറുകള്‍, രണ്ട് ഇ-റിക്ഷകള്‍, ഒരു ഓട്ടോ, ഒരു ബസ് എന്നിവ കത്തിനശിച്ചു.