ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്; ഫലപ്രഖ്യാപനം 11ന്, വോട്ടെടുപ്പ് ഒറ്റഘട്ടമായി

കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വാര്‍ത്താസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത്. ഒറ്റഘട്ടമായിട്ടാവും വോട്ടെടുപ്പ് നടക്കുക. ജനുവരി 14ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.

Update: 2020-01-06 10:51 GMT

ന്യൂഡല്‍ഹി: കേന്ദ്രഭരണപ്രദേശവും തലസ്ഥാനനഗരവുമായ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ടിനാണ് വോട്ടെടുപ്പ്. ഫെബ്രുവരി 11ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും. കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വാര്‍ത്താസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത്. ഒറ്റഘട്ടമായിട്ടാവും വോട്ടെടുപ്പ് നടക്കുക. ജനുവരി 14ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ജനുവരി 21 വരെ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാം. ഡല്‍ഹി നിയമസഭയിലെ 70 സീറ്റുകളിലേക്കായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ 36 സീറ്റുകള്‍ നേടുന്ന പാര്‍ട്ടി അധികാരം പിടിക്കും.

നിലവിലെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയും കേന്ദ്രം ഭരിക്കുന്ന ബിജെപിയും തമ്മിലാണ് ഇക്കുറി ഡല്‍ഹിയില്‍ പ്രധാന പോരാട്ടം. നഷ്ടപ്രതാപം തിരിച്ചുപിടിക്കാനായി കോണ്‍ഗ്രസും ശക്തിയായി മല്‍സരരംഗത്തുണ്ടാവും. 1.46 കോടി വോട്ടര്‍മാരാണ് ഡല്‍ഹിയിലുള്ളത്. 13,750 പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കും. 70 അംഗ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22നാണ് അവസാനിക്കുന്നത്. 2015ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റുകളും തൂത്തുവാരിയാണ് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയത്. ബാക്കിയുള്ള മൂന്ന് സീറ്റില്‍ ബിജെപിയാണ് വിജയിച്ചത്. കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും ജയിക്കാനായിരുന്നില്ല.

ബിജെപിയും ആം ആദ്മി പാര്‍ട്ടിയും ഇതിനോടം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. സുരക്ഷിതമായും സമാധാനപൂര്‍ണമായും തിരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യമൊരുക്കിയിട്ടുണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. 19,000 ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ചുക്കാന്‍ പിടിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തി ക്കൊണ്ട് കമ്മീഷണര്‍ അറിയിച്ചു.  

Tags:    

Similar News