യുപിയില്‍ 12കാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ

Update: 2021-11-03 05:53 GMT

ലഖ്‌നോ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചു. ഏഴുമാസം മുമ്പ് ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചിലാണ് സംഭവം. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതി റോഷന്‍ ലാലിന് 20 വര്‍ഷത്തെ തടവും വിധിച്ചു. അഡീഷനല്‍ സെഷന്‍സ് ജഡ്ജി (പോക്‌സോ ആക്ട്) നിതിന്‍ പാണ്ഡെയാണ് ഫൂല്‍ചന്ദിനെ വധശിക്ഷയ്ക്ക് വിധിച്ചത്. പ്രതി 40,000 രൂപ പിഴയും അടയ്ക്കണം. റോഷന്‍ ലാലിന് തടവിന് പുറമെ 10,000 രൂപ പിഴയും വിധിച്ചു.

പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും 122 പേജുള്ള വിധിന്യായത്തില്‍ ജഡ്ജി വ്യക്തമാക്കി. ഏപ്രില്‍ 10 നാണ് ബഹ്‌റൈച്ച് ജില്ലയിലെ ഒരു കുളത്തിന് സമീപത്തുനിന്ന് 12 വയസ്സുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനയില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തി. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ദിവസക്കൂലിക്ക് ജോലിചെയ്തിരുന്ന ട്രാക്ടര്‍ ഡ്രൈവര്‍ ഫൂല്‍ചന്ദിനെ (30) അറസ്റ്റ് ചെയ്തു.

ഫൂല്‍ചന്ദിന്റെ സുഹൃത്ത് റോഷന്‍ ലാല്‍ (29) എന്നയാളെയും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാവുകയും ഇയാളെ പോലിസ് അറസ്റ്റുചെയ്യുകയും ചെയ്തതായി സര്‍ക്കാര്‍ അഭിഭാഷകന്‍ സന്ത് പ്രതാപ് സിങ് പറഞ്ഞു. തട്ടിക്കൊണ്ടുപോവല്‍, ബലാല്‍സംഗം, കൊലപാതകം, പോക്‌സോ വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയത്.