ജസ്റ്റിസ് ലോയയുടെ മരണം: പുനരന്വേഷണത്തിന് വഴിയൊരുങ്ങുന്നു

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെടുന്നതു പോലെ എന്തെങ്കിലും വാസ്തവമുണ്ടെങ്കില്‍ കേസ് വീണ്ടും അന്വേഷിക്കണം. ഇല്ലെങ്കില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ വീണ്ടും ഉന്നയിക്കുന്നത് ശരിയല്ലെന്നും പവാര്‍ പറഞ്ഞു.

Update: 2019-12-04 06:59 GMT

മുംബൈ: സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച സിബിഐ പ്രത്യേക ജഡ്ജി ജസ്റ്റിസ് ബി എച്ച് ലോയയുടെ ദുരൂഹമരണം അന്വേഷിക്കുമെന്ന് ശരദ് പവാര്‍. ഒരു മറാത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ ആരോപണവിധേയനായ കേസായിരുന്നു സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്.

മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാര്‍ അധികാരമേറ്റതോടെ ലോയ കേസില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം വീണ്ടും ശക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ശരദ് പവാര്‍ നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെടുന്നതു പോലെ എന്തെങ്കിലും വാസ്തവമുണ്ടെങ്കില്‍ കേസ് വീണ്ടും അന്വേഷിക്കണം. ഇല്ലെങ്കില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ വീണ്ടും ഉന്നയിക്കുന്നത് ശരിയല്ലെന്നും പവാര്‍ പറഞ്ഞു.

2014 ഡിസംബര്‍ ഒന്നിനാണു ജസ്റ്റിസ് ലോയ മരിച്ചത്. നാഗ്പൂരില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാവുകയും മരണപ്പെടുകയുമായിരുന്നുവെന്നാണ് റിപോര്‍ട്ട്. തുടര്‍ന്ന് പ്രത്യേക ജഡ്ജി ജസ്റ്റിസ് എംബി ഗോസാവി വാദം കേള്‍ക്കുകയും അമിത് ഷാ ഉള്‍പ്പെടെയുള്ള ആരോപണവിധേയരായ പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു.

പിന്നീട് 2015 നവംബറില്‍ മരിച്ച സൊഹ്‌റാബുദ്ദീന്റെ സഹോദരന്‍ റുബാബുദ്ദീന്‍ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയും അമിത് ഷായെ കേസില്‍നിന്ന് ഒഴിവാക്കുന്നതിനെ ചോദ്യംചെയ്യുകയും ചെയ്തു. എന്നാല്‍, കേസ് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് അതേ മാസം തന്നെ അദ്ദേഹം ഹരജി പിന്‍വലിച്ചു. എന്നാല്‍, സംഭവത്തില്‍ ഒട്ടേറെ ദുരൂഹതകളുണ്ടെന്നു പറഞ്ഞ് ലോയയുടെ ബന്ധുക്കള്‍ രംഗത്തുവന്നു. തുടര്‍ന്ന് 2017 നവംബറില്‍ 'ദ കാരവന്‍' മാസിക ലോയയുടെ മരണത്തില്‍ ഒട്ടനവധി സംശയങ്ങള്‍ വെളിപ്പെടുത്തി. അതോടെ വിവിധ കോണുകളില്‍നിന്ന് അന്വേഷണം വേണമെന്ന ആവശ്യമുയര്‍ന്നു.

പിന്നീട് മരണത്തിന്റെ സാഹചര്യങ്ങള്‍ സംശയാസ്പദമാണെന്നും കേസില്‍ അനുകൂലമായ വിധി പുറപ്പെടുവിക്കാന്‍ അദ്ദേഹത്തിന് മേല്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്നും ലോയയുടെ കുടുംബം ആരോപിച്ചു. ഏപ്രില്‍ 19ലെ സുപ്രിംകോടതിയുടെ വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് 2018 ജൂലൈയില്‍ ബോംബെ ലോയേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളി.

ലോയയുടേത് സ്വാഭാവികമരണമാണെന്നും ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരം ഹരജികളെന്നും നിവേദനങ്ങള്‍ അപമാനകരവും ക്രിമിനല്‍ അവഹേളനത്തിന് തുല്യവുമാണെന്നും നീരീക്ഷിച്ചായിരുന്നു കോടതി ഹരജി തള്ളയത്. ലോയയുടെ മരണസമയത്ത് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ജുഡീഷ്യല്‍ ഓഫിസര്‍മാരെ അവിശ്വസിക്കേണ്ടതായ കാരണമൊന്നുമുണ്ടായിരുന്നില്ലെന്നായിരുന്നു 2018 ഏപ്രിലിലെ വിധിന്യായത്തില്‍ സുപ്രിംകോടതി വ്യക്തമാക്കിയത്. അതോടെ 2018 ഡിസംബര്‍ 21ന് കേസിലെ 22 പ്രതികളെയും ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.

Tags:    

Similar News