ബിഹാറിലെ കുട്ടികളുടെ മരണം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം: എസ്ഡിപിഐ

Update: 2019-06-23 10:00 GMT

ന്യൂഡല്‍ഹി: ബിഹാറിലെ മുസര്‍ഫര്‍പൂരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് നൂറിലധികം കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരന്തത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫി. ദാരുണമായ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംസ്ഥാനത്തെ ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഇത്രയധികം കുരുന്നുകള്‍ മരിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പോഷകാഹാരക്കുറവ് രാജ്യത്തെ വലിയ വിപത്തായി മാറുകയാണ്. പ്രതിദിനം ഒരു ശിശുവോ മുതിര്‍ന്നയാളോ പോഷകാഹാരക്കുറവ് മൂലം രാജ്യത്ത് മരിക്കുന്നു. ആശുപത്രിയില്‍ നിന്ന് ജനങ്ങള്‍ക്ക് മതിയായ ചികില്‍സ ലഭിക്കുന്നില്ല. ആവശ്യമായ മുന്‍കരുതലെടുക്കുന്നതിന് ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നതുവരെ അധികൃതര്‍ കാത്തിരിക്കരുത്. ഭക്ഷണവും പോഷകാഹാരവും രാജ്യത്തെ ഓരോരുത്തരുടെയും അവകാശമാണ്. ആരെങ്കിലും പോഷകാഹാരക്കുറവ് മൂലം മരിക്കുന്നെങ്കില്‍ അതിനര്‍ഥം ഭരണകൂടം അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നില്ല എന്നാണ്. സ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ട് പിന്നിട്ടിട്ടും രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പോലും ഭരണകൂടങ്ങള്‍ക്ക് സാധിക്കുന്നില്ല എന്നത് ഖേദകരമാണ്. നൂറിലധികം കുട്ടികള്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പോലെ തന്നെ കേന്ദ്രവും ഉത്തരവാദിയാണെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു. 

Similar News