ബിജെപിയെ നേരിടുന്നതിൽ ഗൗരവക്കുറവ്; രാജിവച്ച് അസം കോൺഗ്രസ് നേതാവ്
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് മേധിയെ പുറത്താക്കിയാണ് കോൺഗ്രസ് പ്രതികരിച്ചത്.
ഗുവാഹത്തി: ബിജെപിയെ നേരിടുന്നതിൽ കോൺഗ്രസിന് ഗൗരവക്കുറവെന്ന് ചൂണ്ടിക്കാട്ടി അസമിൽ കോൺഗ്രസ് നേതാവ് രാജിവച്ചു. ഭരണകക്ഷിയായ ബിജെപിയെ നേരിടാൻ ആവശ്യമായ ഗൗരവവും തന്ത്രവും കോൺഗ്രസിന് ഇല്ലെന്ന് തിങ്കളാഴ്ച അസം പിസിസിയിൽ നിന്ന് രാജിവച്ച കമൽ കുമാർ മേധി പറഞ്ഞു.
പിസിസി പ്രസിഡന്റ് റിപുൻ ബോറയ്ക്കാണ് കഴിഞ്ഞ ദിവസം മേധി രാജിക്കത്ത് നൽകിയത്. ബോഡോലാന്റ് ടെറിട്ടോറിയൽ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് മേധിയുടെ രാജി. നിരാശാജനകമായ അവസ്ഥയാണ് കോൺഗ്രസിന് നേരിടേണ്ടി വന്നത്.13 സീറ്റുകളിൽ മത്സരിച്ചിട്ടും ഒരു സീറ്റ് മാത്രാണ് നേടാനായത്.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് മേധിയെ പുറത്താക്കിയാണ് കോൺഗ്രസ് പ്രതികരിച്ചത്. 2018 ജൂണിൽ ഞാൻ കോൺഗ്രസിൽ ചേർന്നു, കാരണം ബിജെപിയെ എതിരിടാൻ കഴിയുന്ന ഒരേയൊരു പാർട്ടിയാണ് കോൺഗ്രസ് എന്നാണ് കരുതിയത്. രണ്ട് വർഷത്തിനിപ്പുറം ബിജെപിയോട് പോരാടുന്നതിൽ കോൺഗ്രസ് ഗൗരവം കാണിക്കുന്നില്ലെന്ന് എനിക്ക് തോന്നുന്നുവെന്ന് മേധി ടെലിഗ്രാഫിനോട് പറഞ്ഞു.