യുപിയില്‍ ദലിത് പെണ്‍കുട്ടിയെ മേല്‍ജാതിയില്‍പ്പെട്ട നാലുപേര്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി
സപ്തംബര്‍ 14നായിരുന്നു സംഭവം. മൃഗങ്ങള്‍ക്ക് തീറ്റ ശേഖരിക്കാന്‍പോയ 19കാരിയായ ദലിത് പെണ്‍കുട്ടിയാണ് ക്രൂരതയ്ക്കിരയായത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട നാലംഗസംഘം തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് പോലിസിന് നല്‍കിയ മൊഴിയില്‍ പെണ്‍കുട്ടി വ്യക്തമാക്കി.
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ദലിത് പെണ്‍കുട്ടിയെ മേല്‍ജാതിയില്‍പ്പെട്ട നാലുപേര്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഗത്തിനിരയാക്കിയ ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്താനും ശ്രമം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ അലിഗഡ് മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. സപ്തംബര്‍ 14നായിരുന്നു സംഭവം. മൃഗങ്ങള്‍ക്ക് തീറ്റ ശേഖരിക്കാന്‍പോയ 19കാരിയായ ദലിത് പെണ്‍കുട്ടിയാണ് ക്രൂരതയ്ക്കിരയായത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട നാലംഗസംഘം തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് പോലിസിന് നല്‍കിയ മൊഴിയില്‍ പെണ്‍കുട്ടി വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ സഹോദരന്റെ പരാതിയില്‍ നേരത്തെ സന്ദീപ് എന്നയാള്‍ക്കെതിരേ പോലിസ് കൊലപാതകശ്രമവും എസ്‌സി- എസ്ഡി ആക്ടിലെ വകുപ്പുകളും ചുമത്തി കേസെടുത്തിയിരുന്നു. ഇതിന്റെ വൈരാഗ്യത്താല്‍ പെണ്‍കുട്ടിയെ ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി കുടുംബം പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ഇതെത്തുടര്‍ന്ന് ഇയാളെ പോലിസ് അറസ്റ്റുചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളെക്കൂടാതെ മറ്റ് മൂന്നുപേര്‍ക്കെതിരേയും ബലാല്‍സംഗക്കുറ്റവും എഫ്‌ഐആറില്‍ ചേര്‍ത്തിട്ടുണ്ട്.
കേസില്‍ ഒരാളെ അറസ്റ്റുചെയ്തതായും ബാക്കിയുള്ളവരെ ഉടന്‍ പിടികൂടുമെന്നും ഹാത്രാസ് എസ്പി വിക്രാന്ത് വീര്‍ പറഞ്ഞു. പെണ്‍കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരമായി കഴിയുന്നതിനാല്‍ സെക്ഷന്‍ 161 പ്രകാരം മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അഡീഷനല്‍ എസ്പി പ്രകാശ്കുമാര്‍ പ്രതികരിച്ചു. ഹാത്രാസ് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പെണ്‍കുട്ടിയെ അലിഗഡ് ജവഹര്‍ലാല്‍ നെഹ്രു മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതികള്‍ക്കെതിരേ എത്രയുംവേഗം കുറ്റപത്രം സമര്‍പ്പിക്കുമെന്നും എഎസ്പി കൂട്ടിച്ചേര്‍ത്തു. ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയെ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ദീപക് കുമാര്‍ ആശുപത്രിയില്‍ സ്ദര്‍ശിച്ചു.
പ്രതികളും പോലിസും ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഈ വിഷയത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കും പാര്‍ട്ടി സംസ്ഥാന മേധാവി അജയ് കുമാര്‍ ലല്ലുവിനും വിശദമായ റിപോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹാത്രാസ് ആശുപത്രിയിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഷിയോരാജ് ജീവന്‍ വാല്‍മീകിയും ഇരയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. പെണ്‍കുട്ടിയുടെ മൊഴിയെടുക്കുന്നതില്‍ കാലതാമസം വരുത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദലിത് സമുദായത്തില്‍പ്പെട്ടവരോടുള്ള അനീതി സഹിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

