തമിഴ്നാട്ടില്‍ പരീക്ഷയ്ക്ക് പോയ ദലിത് വിദ്യാര്‍ഥിയെ ബസില്‍ നിന്ന് വലിച്ചിറക്കി ആക്രമിച്ചു; മൂന്ന് വിരലുകള്‍ അറ്റുപോയി
ചെന്നൈ: പരീക്ഷ എഴുതാന്‍ ബസില്‍ പോയ ദലിത് വിദ്യാര്‍ഥിക്കുനേരെ ആക്രമണം. പ്ലസ് ടു വിദ്യാര്‍ഥിയാണ് ആക്രമണത്തിന് ഇരയായത്. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലാണ് സംഭവം.മൂന്ന് ആണ്‍കുട്ടികള്‍ ബസ് തടഞ്ഞുനിര്‍ത്തി വിദ്യാര്‍ഥിയെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി ആക്രമിച്ചതായി പോലിസും ദൃക്സാക്ഷികളും പറഞ്ഞു. ആക്രമണത്തില്‍ വിദ്യാര്‍ഥിയുടെ ഇടതുകൈയുടെ മൂന്ന് വിരലുകള്‍ അറ്റുപോയി. തടയാന്‍ ശ്രമിച്ച പിതാവിനെയും ആക്രമിച്ചു. പിതാവിന്റെ തലയ്ക്ക് ഉള്‍പ്പെടെ പരുക്കേറ്റു.
സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളെ പോലിസ് അറസ്റ്റ് ചെയ്തു. ജാതി സംഘര്‍ഷമാണ് ആക്രമണത്തിന് കാരണമെന്ന് വിദ്യാര്‍ഥിയുടെ കുടുംബം ആരോപിച്ചു. കബഡി മത്സരത്തില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ അടങ്ങിയ ടീമിനെ തന്റെ മകന്റെ ടീം തോല്‍പ്പിച്ചതിലുള്ള ദേഷ്യമാണ് ആക്രമണത്തിന് കാരണമെന്ന് വിദ്യാര്‍ഥിയുടെ കുടുംബം പറഞ്ഞു.
അതേസമയം, വിദ്യാര്‍ഥിയും ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഒരു പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയബന്ധവുമായി ആക്രമണത്തിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് പോലിസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത ആണ്‍കുട്ടികളില്‍ ഒരാളുടെ സഹോദരിയുമായുള്ള വിദ്യാര്‍ഥിയുടെ പ്രണയമാണ് അക്രമത്തിന് കാരണമെന്ന് ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായതായി സൂചനയുണ്ട്.