കാളയുമായി പോയ ദലിത് കര്‍ഷകന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം

അതിനിടെ, സംഭവത്തെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ക്കെതിരേ പോലിസ് കേസെടുത്തു. ഇയാള്‍ക്ക് നോട്ടീസ് നല്‍കിയ പോലിസ്, ഫോണ്‍ പിടിച്ചെടുത്തു.

Update: 2020-08-10 06:35 GMT

ബംഗളൂരു: കാളയുമായി പോയ ദലിത് വിഭാഗത്തില്‍പ്പെട്ട കര്‍ഷകനെ ഒരുസംഘം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു. കര്‍ണാടകയിലെ സക്ലേഷ്പൂര്‍ താലൂക്കിലെ ഹെബ്ബനഹള്ളിയില്‍ ഈമാസം രണ്ടിനായിരുന്നു സംഭവം. രേഖകളില്ലാതെ കാളയെ കടത്തിയെന്നാരോപിച്ചാണ് 43കാരനായ ജയരാജിനെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ബജ്റംഗ്ദള്‍ നേതാവ് രഘുജി, രഘു, ശേഖര്‍ പൂജാരി തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ജയരാജ് പോലിസില്‍ പരാതി നല്‍കി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ കൂടാതെ 1989 ലെ പട്ടികജാതി-വര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം പോലിസ് കേസെടുത്തതായി ദി ഹിന്ദു റിപോര്‍ട്ട് ചെയ്യുന്നു.

സംഭവത്തെക്കുറിച്ച് ജയരാജ് പറയുന്നതിങ്ങനെ: തന്റെ സഹോദരി 20,000 രൂപയ്ക്ക് ഒരു കാളയെ വാങ്ങിയിരുന്നു. സക്ലേഷ്പൂര്‍ താലൂക്കിലെ ഹാലാസുലിഗെയ്ക്ക് സമീപം താമസിക്കുന്ന സഹോദരിയുടെ വീട്ടിലേക്ക് കാളയുമായി പോകവെയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞത്. തന്നോടൊപ്പം സുഹൃത്ത് നിന്‍ഗരാജുവുമുണ്ടായിരുന്നു. അവര്‍ കാളയെ കെട്ടിയിടാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കാളയെ അറവുശാലയിലേക്ക് കൊണ്ടുപോവുകയാണെന്നാരോപിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പ്രാണരക്ഷാര്‍ഥം ഞങ്ങള്‍ അവിടെനിന്ന് ഓടിരക്ഷപ്പെട്ടു. യാതൊരു കാരണവുമില്ലാതെ ആളുകളെ തടയാും ആക്രമിക്കാനും ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയതെന്ന് ജയരാജ് ചോദിക്കുന്നു.

ഗ്രാമങ്ങളിലെ പാവപ്പെട്ട കര്‍ഷകരെ ആക്രമിക്കുന്നതിന് പകരം വലിയ നഗരങ്ങളില്‍ പതിവായി നടക്കുന്ന കന്നുകാലി മേളകള്‍ അവര്‍ അവസാനിപ്പിക്കട്ടെയെന്നും ജയരാജ് പറയുന്നു. പോലിസില്‍ പരാതി നല്‍കിയതിന് പിന്നാലെ ആക്രമണം നിഷേധിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ആരെയും ആക്രമിച്ചിട്ടില്ലെന്നും ഹാലാസുലിഗെയിലെ നാട്ടുകാര്‍ തങ്ങളെയാണ് ആക്രമിച്ചതെന്നുമാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ വാദം. കാളയുമായി വന്ന രണ്ടുപേരെ ഞങ്ങള്‍ തടഞ്ഞു. ഒരു കര്‍ഷകനില്‍നിന്ന് കാളയെ വാങ്ങിയതാണെന്ന് തെളിയിക്കാനുള്ള കത്ത് കാണിക്കാന്‍ ആവശ്യപ്പെട്ടു.

അവരുടെ പക്കല്‍ കത്തുണ്ടായിരുന്നില്ല. ഞങ്ങള്‍ പോലിസിനെ വിളിച്ചു. പോലിസ് വരുന്നത് കാത്തുനില്‍ക്കവെ നാട്ടുകാരില്‍ ചിലര്‍ ഞങ്ങളെ ആക്രമിക്കുകയായിരുന്നു- ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ ദിലീപിനെ ഉദ്ധരിച്ച് ദി ഹിന്ദു റിപോര്‍ട്ട് ചെയ്യുന്നു. ഗ്രാമത്തിലെ അസീഫ്, റിസ്വാന്‍ എന്നിവരുടെ പേരില്‍ ഇയാളും പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. പട്ടികജാതി- വര്‍ഗ നിയമപ്രകാരം കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റുചെയ്തിട്ടില്ലെന്ന് പോലിസ് അറിയിച്ചു. അതിനിടെ, സംഭവത്തെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ക്കെതിരേ പോലിസ് കേസെടുത്തു. ഇയാള്‍ക്ക് നോട്ടീസ് നല്‍കിയ പോലിസ്, ഫോണ്‍ പിടിച്ചെടുത്തു.

സക്ലേഷ്പൂരിനടുത്തുള്ള അനെമഹാല്‍ സ്വദേശിയായ സിദ്ദീഖിനെതിരേയാണ് പോലിസിന്റെ നടപടി. തന്റെ പോസ്റ്റില്‍ ആക്ഷേപകരമായ ഒന്നുമില്ലെന്നും പോലിസിന്റെ നടപടി അമ്പരിപ്പിച്ചുവെന്നും സിദ്ദീഖ് ഹിന്ദുവിനോട് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പോലീസ് നടപടിയെ പലരും എതിര്‍ക്കാറുണ്ട്. എന്നാല്‍, മേല്‍പ്പറഞ്ഞ ഫെയ്‌സ്ബുക്ക് പോസ്റ്റ് സമാധാനത്തിനും ഐക്യത്തിനും വിഘാതം സൃഷ്ടിക്കുന്നതാണെന്ന് പറഞ്ഞാണ് സക്ലേഷ്പൂര്‍ പോലിസ് ഉദ്യോഗസ്ഥന്‍ ബി ഗിരീഷ് പോലിസ് നടപടിയെ ന്യായീകരിച്ചത്.  

Tags:    

Similar News