മിഷോങ് ചുഴലികാറ്റ്; ചെന്നൈയില്‍ മരണം 12 ആയി ; അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം

Update: 2023-12-06 05:28 GMT

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയില്‍ മരിച്ചവരുടെ എണ്ണം12 ആയി. നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ദിവസങ്ങളായി കാലാവസ്ഥ പ്രതികൂലമായതോടെ കുടിവെള്ളം ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ക്കും ക്ഷാമമായി. ദുരിതാശ്വാസ ക്യാമ്പുകളിലും കുടിവെള്ളം കിട്ടാനില്ല. വൈദ്യുത വിതരണം ഇന്നത്തോടെ പൂര്‍വ്വ സ്ഥിതിയിലാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. 10 മന്ത്രിമാരുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രാത്രി ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.

അതേസമയം ചുഴലിക്കാറ്റ് കര തൊട്ട ആന്ധ്രാപ്രേദേശില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂര്‍ കൂടി ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു ഇന്ന് ആന്ധ്രയില്‍ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. ഇന്നലെ ഉച്ചയ്ക്ക് നെല്ലൂരിനും മിച്ചില്ലപട്ടണത്തിനും ഇടയിലുള്ള ബാപട്ടില്ലയിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ കരതൊട്ട ചുഴലിക്കാറ്റ് ഇന്നത്തോടെ ദുര്‍ബലമാകും.

മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഐഎഎഫ് ചേതക് ഹെലികോപ്റ്ററുകള്‍ വിന്യസിച്ചു. വെള്ളപ്പൊക്ക മേഖലയില്‍ സൈന്യം ഹെലികോപ്റ്ററില്‍ ഭക്ഷണമെത്തിച്ചു. സൈദാ പേട്ടില്‍ ഒറ്റപ്പെട്ടവരെ സൈന്യം രക്ഷപ്പെടുത്തി. നഗരത്തില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചു.

തമിഴ്നാട് സംസ്ഥാന സര്‍ക്കാരും താംബരം എയര്‍ഫോഴ്സ് സ്റ്റേഷനും ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അടുത്ത 24 മണിക്കൂറില്‍ ആന്ധ്രയില്‍ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. എട്ട് ജില്ലകള്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. 140 ട്രെയിനുകളും 40 വിമാനങ്ങളും റദ്ദാക്കി.






Tags: