'മഹാ' ചുഴലിക്കാറ്റ്; മഹാരാഷ്ട്രയിലും ഗുജറാത്തിലും ജാഗ്രത, മല്‍സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

താനെ, പാല്‍ഗഡ് ജില്ലകളിലെ മല്‍സ്യത്തൊഴിലാളികള്‍ മൂന്നുദിവസത്തേക്ക് കടലില്‍ പോവരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മല്‍സ്യബന്ധനത്തിന് പോയവര്‍ തിരിച്ചെത്തണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Update: 2019-11-07 02:30 GMT

മുംബൈ: അറബിക്കടലില്‍ രൂപംകൊണ്ട 'മഹാ' ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നുവെന്ന് മുന്നറിയിപ്പ്. ഗുജറാത്തിലെ പോര്‍ബന്ധര്‍, രാജ്‌കോട്ട്, നവസാരി, വല്‍സാദ്, ദമാന്‍ എന്നിവിടങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ 12 മണിക്കൂറിനുള്ളില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. ചുഴലിക്കാറ്റ് തീവ്രമായാല്‍ 90 കിലോമീറ്റര്‍ വേഗതയിലും കാറ്റുവീശിയേക്കും. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിലെ തീരദേശ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കൊങ്കണ്‍ തീരത്തും മധ്യ മഹാരാഷ്ട്രയിലും മറാത്ത്‌വാഡയിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കൂടാതെ ഇവിടങ്ങളില്‍ അടുത്ത 12 മണിക്കൂറിനുള്ളില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാനും സാധ്യതയുണ്ട്. താനെ, പാല്‍ഗഡ് ജില്ലകളിലെ മല്‍സ്യത്തൊഴിലാളികള്‍ മൂന്നുദിവസത്തേക്ക് കടലില്‍ പോവരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മല്‍സ്യബന്ധനത്തിന് പോയവര്‍ തിരിച്ചെത്തണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പാല്‍ഗഡ് ജില്ലയിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും മൂന്നുദിവസം അവധി നല്‍കിയിരിക്കുകയാണ്. അതേസമയം, ചുഴലിക്കാറ്റ് ദുര്‍ബലമാവുന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. എങ്കിലും മധ്യ മഹാരാഷ്ട്ര, താനെ, പാല്‍ഗഡ് എന്നിവിടങ്ങളില്‍ മഴയുണ്ടാവാന്‍ സാധ്യതയുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടങ്ങള്‍ എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തിവരികയാണ്.

Tags:    

Similar News