ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം; ശീതകാല സമ്മേളനത്തില്‍ 29 ബില്ലുകള്‍
ന്യൂഡല്‍ഹി: ബിറ്റ് കോയിന്‍ ഉള്‍പ്പെടെ ക്രിപ്‌റ്റോ കറന്‍സികള്‍ നിയന്ത്രിക്കാനുള്ള ബില്‍ പാര്‍ലമെന്റിലെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിലെ എല്ലാ സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികളും നിരോധിക്കുന്നതാണ് ബില്‍. എന്നിരുന്നാലും, ക്രിപ്‌റ്റോകറന്‍സിയുടെ അടിസ്ഥാന സാങ്കേതികവിദ്യയെയും അതിന്റെ ഉപയോഗങ്ങളെയും പ്രോല്‍സാഹിപ്പിക്കുന്നതിന് ചില ഇളവുകള്‍ ബില്ലില്‍ അനുവദിക്കും. ക്രിപ്‌റ്റോ കറന്‍സികളുടെ സാങ്കേതികയെക്കുറിച്ചുള്ള പാര്‍ലമെന്ററി സമിതിയുടെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം.
മുന്‍ സാമ്പത്തിക സഹമന്ത്രി ജയന്ത് സിന്‍ഹ അധ്യക്ഷനായ യോഗത്തില്‍ രാജ്യത്തെ വിവിധ ക്രിപ്‌റ്റോ എക്‌ചേഞ്ചുകളുടെ പ്രതിനിധികളും പങ്കെടുത്തു. ക്രിപ്‌റ്റോ കറന്‍സിയെ രാജ്യത്ത് നിരോധിക്കേണ്ടെന്നും പകരം നിയന്ത്രിക്കുകയാണ് വേണ്ടതെന്നുമായിരുന്നു നേരത്തെ പാനല്‍ നിലപാട്.
നിക്ഷേപകരുടെ പണത്തിന്റെ സുരക്ഷിതത്വവും നിക്ഷേപസാധ്യതകളും സംബന്ധിച്ച പരസ്യങ്ങള്‍ ആശങ്കയുണ്ടാക്കിയിരുന്നു. ഡിജിറ്റല്‍ കറന്‍സികളുടെ നിയന്ത്രണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി നിരവധി സ്‌റ്റേക്ക്‌ഹോള്‍ഡേഴ്‌സുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വിവിധ മന്ത്രാലയങ്ങളിലെയും ആര്‍ബിഐയിലെയും ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗവും ചേര്‍ന്നിരുന്നു.
ക്രിപ്‌റ്റോ കറന്‍സി നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. നിലവില്‍ ലോകത്ത് ക്രിപ്‌റ്റോ കറന്‍സികളില്‍ ഏറ്റവുമധികം നിക്ഷേപമുള്ളത് ഇന്ത്യക്കാര്‍ക്കാണ്. രണ്ടുകോടിയോളം ഇന്ത്യക്കാര്‍ ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ക്രിപ്‌റ്റോ കറന്‍സി ബില്‍ ഉള്‍പ്പെടെ 29 ബില്ലുകള്‍ തിങ്കളാഴ്ച ആരംഭിക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ പരിഗണിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിന്റെ അനുമതി തേടിയത്. 26 ബില്ലുകള്‍ പുതിയവയാണ്.

