പാക് യുവതിയെ വിവാഹം ചെയ്ത വിവരം മറച്ചുവച്ച സിആര്‍പിഎഫ് ജവാനെ പിരിച്ചുവിട്ടു

Update: 2025-05-03 17:33 GMT

ന്യൂഡല്‍ഹി: പാകിസ്താനി യുവതിയെ വിവാഹം ചെയ്ത വിവരം മറച്ചുവച്ച സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ മുനീര്‍ അഹ്‌മദിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. ജമ്മു സ്വദേശിയായ മുനീര്‍, വിസാ കാലാവധി കഴിഞ്ഞെന്ന് അറിഞ്ഞിട്ടും അഭയം നല്‍കിയെന്നും അദ്ദേഹത്തിന്റെ പ്രവൃത്തി സേനയുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധവും ദേശ സുരക്ഷയ്ക്ക് ഹാനികരവുമെന്ന് വിലയിരുത്തിയാണ് നടപടി. അതേസമയം മുനീര്‍ വിവാഹം ചെയ്ത മിനാല്‍ ഖാനെ തിരിച്ചയക്കുന്നത് ജമ്മു കശ്മീര്‍ ഹൈക്കോടതി തടഞ്ഞിരുന്നു.

മിനാല്‍ ഖാനെ ദീര്‍ഘകാല വിസ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതുവരെ നാടുകടത്തുന്നത് കോടതി തടയുകയായിരുന്നു. ഘരോട്ടെ നിവാസിയായ മുനീര്‍, രണ്ടര മാസം മുമ്പാണ് പാക് അധീന കശ്മീരിലെ തന്റെ ബന്ധുവായ മിനാല്‍ ഖാനെ വിവാഹം കഴിച്ചത്. മുനീറില്‍നിന്ന് തന്നെ വേര്‍പെടുത്തരുതെന്ന് മിനാല്‍ നേരത്തെ സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിരുന്നു. ഒമ്പതു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം കഴിഞ്ഞ വര്‍ഷമാണ് തനിക്ക് താല്‍ക്കാലിക വിസ ലഭിച്ചതെന്നും അവര്‍ പറഞ്ഞു.

പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ പാകിസ്താന്‍ പൗരര്‍ക്കുള്ള വിസ റദ്ദാക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ഇരുവരുടെയും ജീവിതത്തില്‍ കരിനിഴല്‍ പടര്‍ത്തി. പാകിസ്താനിലേക്ക് നാടുകടത്തുന്നതിനായി ചൊവ്വാഴ്ച മിനാല്‍ ഖാനെ അട്ടാരി അതിര്‍ത്തിയിലേക്ക് അയച്ചിരുന്നു. ബുധനാഴ്ച കോടതി താല്‍ക്കാലിക സ്റ്റേ അനുവദിച്ച വിധി വന്നതിനെ തുടര്‍ന്ന് അവര്‍ അതിര്‍ത്തില്‍ നിന്ന് ജമ്മുവിലെ ഭര്‍തൃവീട്ടിലേക്ക് മടങ്ങി. ഏപ്രില്‍ 22നുണ്ടായ പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ പാകിസ്താന്‍ പൗരര്‍ക്കുള്ള എല്ലാ വിസയും ഇന്ത്യ റദ്ദാക്കിയിരുന്നു.