ഗഡ്ചിരോലിയിലേത് വ്യാജ ഏറ്റുമുട്ടലെന്ന് സിപിഐ (മാവോയിസ്റ്റ്)

തെലങ്കാന, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നീ മൂന്ന് സംസ്ഥാന സർക്കാരുകൾക്കൊപ്പം കേന്ദ്ര സർക്കാരും ഈ ഏറ്റുമുട്ടലിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം.

Update: 2021-11-15 14:57 GMT

​ഗഡ്ചിരോലി: മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിലെ ഗരാപ്പട്ടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് സിപിഐ (മാവോയിസ്റ്റ്). സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) ഭദ്രാദ്രി കോട്ടഗുഡെം ഈസ്റ്റ് ഗോദാവരി ഡിവിഷൻ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര, ഛത്തീസ്​ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ സേനയെ ഏകോപിപ്പിച്ചാണ് ഈ ആക്രമണം നടത്തിയതെന്ന് ഭദ്രാദ്രി കോട്ടഗുഡെം ഈസ്റ്റ് ഗോദാവരി ഡിവിഷൻ കമ്മിറ്റി സെക്രട്ടറി ആസാദിന്റെ പേരിൽ പുറത്തിറങ്ങിയ പ്രസ്താവനയിൽ പറയുന്നു. ഈ ആക്രമണം ഏറ്റുമുട്ടലാണെന്നത് പച്ചക്കള്ളമാണ്. മാവോവാദി നീക്കങ്ങളെ അടിച്ചമർത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പോലിസ് വകുപ്പിലൂടെ ഒരു ഇൻഫോർമർ സംവിധാനം വളർത്തുന്നു. പണം സമ്പാദിക്കാമെന്ന പ്രതീക്ഷയിൽ നിരപരാധികളായ യുവാക്കളെ ഇതിനായി ഉപയോ​ഗിക്കുന്നു.

ഗാരാപ്പട്ടി ഏറ്റുമുട്ടലിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും വനങ്ങളിൽ വിന്യസിച്ചിരിക്കുന്ന സി60, കോബ്ര, സിആർപിഎഫ് സേനകളെ ഉടൻ പിൻവലിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നുണ്ട്. തെലങ്കാന, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നീ മൂന്ന് സംസ്ഥാന സർക്കാരുകൾക്കൊപ്പം കേന്ദ്ര സർക്കാരും ഈ ഏറ്റുമുട്ടലിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. ഈ വ്യാജ ഏറ്റുമുട്ടലിന് നിങ്ങൾ ന്യായമായ വില നൽകേണ്ടിവരുമെന്ന മുന്നറിയിപ്പും പ്രസ്താവനയിലൂടെ മാവോവാദികൾ ഉയർത്തിയിട്ടുണ്ട്.

നവംബർ 13നാണ് 26 മാവോവാദികൾ കൊല്ലപ്പെട്ട ​ഏറ്റുമുട്ടൽ നടക്കുന്നത്. സിപിഐ(മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അം​ഗം മിലിന്ദ് തെൽതുംബ്ദെയടക്കം അഞ്ചിലധികം നേതാക്കളും കിഴക്കൻ മഹാരാഷ്ട്രയിലെ ഗരാപ്പട്ടി വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിട്ടുണ്ട്.