രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 11,000 കടന്നു; 24 മണിക്കൂറിനിടെ 38 മരണം
ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് 377 പേര്‍ മരിച്ചതായാണ് ഔദ്യോഗിക റിപോര്‍ട്ട്. 1,306 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 38 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 1,463 കേസുകളാണ് ഒരുദിവസം മാത്രം റിപോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 11,439 ആയി ഉയര്‍ന്നു. ഇതുവരെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് 377 പേര്‍ മരിച്ചതായാണ് ഔദ്യോഗിക റിപോര്‍ട്ട്. അനൗദ്യോഗിക റിപോര്‍ട്ടുകള്‍ പ്രകാരം മരണം 393 ആണ്. 1,306 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലും മധ്യപ്രദേശിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. മഹാരാഷ്ട്രയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വലിയ തോതില്‍ കൊവിഡ് പോസിറ്റീസ് സ്ഥിരീകരിക്കുന്നു. മുംബൈയില്‍ 10 നഴ്‌സുമാര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ ക്വാറന്റൈനിലാക്കിയിരിക്കുകയാണ്. 35 പേരാണ് കൊവഡ് പോസിറ്റീവായി ചികില്‍സയിലുള്ളത്. മധ്യപ്രദേശില്‍ 121 പേര്‍ക്കൂകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്‍ഡോറിലാണ് കൂടുതല്‍ കേസുകളും. ഇന്‍ഡോറില്‍ ഇതുവരെ കൊവിഡ് ബാധിത്തവര്‍ 548 പേരാണ്.
രാജസ്ഥാനില്‍ 29 പുതിയ കേസുകളാണ് കഴിഞ്ഞ മണിക്കൂറുകളില്‍ റിപോര്‍ട്ട് ചെയ്തത്. 15 പേര്‍ ജെയ്പൂരിലും ഏഴുപേര്‍ വീതം ജോധ്പൂര്‍, കോട്ട എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്. രാജ്യത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്നുവെന്നാണ് ഐസിഎംആര്‍ റിപോര്‍ട്ട്. പരിശോധനകളുടെ എണ്ണം കൂട്ടാന്‍ വീണ്ടും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ചൈനയില്‍നിന്ന് ദ്രുതപരിശോധന കിറ്റുകള്‍ എത്തിത്തുടങ്ങി. 15 ലക്ഷം ദ്രുതപരിശോധന കിറ്റുകള്‍ വാങ്ങാനാണ് ചൈനയുമായി കരാറുണ്ടാക്കിയിരിക്കുന്നത്.