രാജ്യത്തെ കൊവിഡ് ബാധിതര്‍ 82,000 കടന്നു; 24 മണിക്കൂറിനിടെ 100 മരണം

കൊവിഡ് അതിരൂക്ഷമായി ബാധിക്കുന്നത് മഹാരാഷ്ട്രയെ ആണ്. 27,524 കേസുകളാണ് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

Update: 2020-05-15 05:25 GMT

ന്യൂഡല്‍ഹി: ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി കുതിക്കുന്നു. 82,103 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പുതുതായി രോഗം ബാധിച്ചിരിക്കുന്നത് 3,967 പേര്‍ക്കാണ്. ഇതുവരെ രോഗം ബാധിച്ച് 2,649 ആളുകള്‍ മരിച്ചു. 24 മണിക്കൂറിനിടെ മരിച്ചത് 100 പേരാണ്. 51,401 പേര്‍ നിലവില്‍ കൊവിഡ് രോഗത്തിന് ചികില്‍സയിലുണ്ട്. 27,920 പേരുടെ രോഗം ഭേദമായി. കൊവിഡ് അതിരൂക്ഷമായി ബാധിക്കുന്നത് മഹാരാഷ്ട്രയെ ആണ്. 27,524 കേസുകളാണ് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

1,019 പേര്‍ ഇവിടെ രോഗം ബാധിച്ചു മരിച്ചു. 24 മണിക്കൂറിനിടെ 1,602 കൊവിഡ് കേസുകളും 44 മരണങ്ങളും ഇവിടെ സ്ഥിരീകരിച്ചു. 6,059 പേര്‍ക്കാണ് രോഗം ഭേദമായത്. മഹാരാഷ്ട്രയില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് മുംബൈയിലാണ്. ഇതെത്തുടര്‍ന്ന് മുംബൈയില്‍ ലോക്ക് ഡൗണ്‍ നീട്ടി. മെയ് 31 വരെയാണ് മുംബൈ നഗരത്തില്‍ ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. രാജ്യതലസ്ഥാനത്തും സ്ഥിതി ഗുരുതരമായി തുടരുകയാണ്. 8,470 കേസുകളാണ് ഡല്‍ഹിയില്‍ റിപോര്‍ട്ട് ചെയ്തത്. 115 പേര്‍ ഇവിടെ കൊവിഡ് ബാധിച്ചു മരിച്ചു. വ്യാഴാഴ്ച മാത്രം 472 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

മധ്യപ്രദേശില്‍ 4,173 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 232 പേര്‍ ഇവിടെ രോഗം ബാധിച്ചു മരിച്ചു. 4,328 കേസുകളാണ് ഇതുവരെ രാജസ്ഥാനില്‍ റിപോര്‍ട്ടുചെയ്തിരിക്കുന്നത്. 121 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. ഗുജറാത്തില്‍ 1019 പേരും മരിച്ചു. ഗുജറാത്തില്‍ 9591 പേര്‍ക്കാണ് രോഗബാധ. കേരളത്തില്‍ വ്യാഴാഴ്ച മാത്രം 26 കേസുകളാണ് റിപോര്‍ട്ടുചെയ്തത്. ഇതില്‍ ഏഴുപേര്‍ വിദേശത്തുനിന്നും വന്നവരും രണ്ടുപേര്‍ ചെന്നൈയില്‍നിന്നും നാലുപേര്‍ മുംബൈയില്‍നിന്നും ഒരാള്‍ ബംഗളൂരുവില്‍നിന്നും വന്നതാണ്. 11 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്.  

Tags: