കൊവിഡ് നിയന്ത്രണവിധേയം: മെട്രോ സര്‍വീസ് ഘട്ടംഘട്ടമായി പുനരാരംഭിക്കണം; കേന്ദ്രാനുമതി തേടി ഡല്‍ഹി സര്‍ക്കാര്‍

കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചാലുടന്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഡല്‍ഹി മെട്രോ തയ്യാറാണെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനുജ് ദയാല്‍ പ്രതികരിച്ചു.

Update: 2020-08-24 06:57 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ മെട്രോ സര്‍വീസ് ഘട്ടംഘട്ടമായി പുനരാരംഭിക്കാന്‍ അനുമതി നല്‍കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കിയത്. ഡല്‍ഹിയിലെ കൊവിഡ് സ്ഥിതി ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. പരീക്ഷണാടിസ്ഥാനത്തില്‍ ഡല്‍ഹി മെട്രോ വീണ്ടും തുറക്കാന്‍ അനുവദിക്കണം. കേന്ദ്രം ഉടന്‍ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചാലുടന്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഡല്‍ഹി മെട്രോ തയ്യാറാണെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനുജ് ദയാല്‍ പ്രതികരിച്ചു. കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നിരവധി മാസങ്ങളായി മെട്രോ അടച്ചിട്ടിരിക്കുകയാണ്. സര്‍വീസ് പുനരാരംഭിച്ചാല്‍ വൈറസ് പടരുന്നത് പ്രതിരോധിക്കാനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കും.

തങ്ങളുടെ വിലപ്പെട്ട യാത്രക്കാര്‍ക്ക് യാത്ര സുരക്ഷിതമാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ദയാല്‍ കൂട്ടിച്ചേര്‍ത്തു. മെട്രോയുടെ പ്രവര്‍ത്തനങ്ങളും പരിപാലനവും ഫലപ്രദമാണോയെന്ന് പരിശോധിക്കുന്നതിന് ഡിഎംആര്‍സി എംഡി ഡോ. മാംഗു സിങ് രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കൊവിഡ്ജനത കര്‍ഫ്യൂ പ്രഖ്യാപിച്ച മാര്‍ച്ച് 22 മുതലാണ് മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് ഡല്‍ഹി സര്‍ക്കാരിന്റെ അംഗീകാരവും കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും ആവശ്യമാണ്. 

Tags: