കൊവിഡ്: മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ടാറ്റാ സ്റ്റീൽ ശമ്പളം നൽകും
തൊഴിലാളിക്ക് അറുപത് വയസ്സാകുന്നതുവരെ അവസാനം വാങ്ങിയ ശമ്പളം നല്‍കാനാണ് തീരുമാനം.
മുംബൈ: കൊവിഡ് കാലത്ത് മാതൃകയായി ടാറ്റാ സ്റ്റീലിന്റെ പുതിയ സാമൂഹിക സുരക്ഷാ പദ്ധതി. കൊവിഡ് ബാധിച്ച് മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് തുടര്‍ന്നും ശമ്പളം നല്‍കാന്‍ ടാറ്റാ സ്റ്റീൽ കമ്പനി തീരുമാനിച്ചു. തൊഴിലാളിക്ക് അറുപത് വയസ്സാകുന്നതുവരെ അവസാനം വാങ്ങിയ ശമ്പളം നല്‍കാനാണ് തീരുമാനം.
തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സുരക്ഷയൊരുക്കാനും ജീവിതനിലവാരം നിലനിര്‍ത്താനുമാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് കമ്പനി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
ശമ്പളത്തിനു പുറമെ താമസ സൗകര്യവും ആരോഗ്യസുരക്ഷയും കമ്പനി ഉറപ്പുവരുത്തും. തൊഴിലിനിടയില്‍ കൊവിഡ് ബാധയുണ്ടായി മരിച്ചവരുടെ കുടുംബങ്ങളില്‍ അവരുടെ മക്കളുടെ വിദ്യാഭ്യാസവും കമ്പനി ഉറപ്പുവരുത്തും. ബിരുദ പഠനം പൂര്‍ത്തിയാവും വരെയാണ് സഹായം ലഭിക്കുക.