കൊവിഡ്: കര്‍ണാടകയില്‍ കര്‍ശനനിയന്ത്രണങ്ങള്‍; ഞായറാഴ്ചകളില്‍ സമ്പൂര്‍ണ കര്‍ഫ്യൂ, ഇന്ന് മാത്രം വൈറസ് സ്ഥിരീകരിച്ചത് 918 പേര്‍ക്ക്

ബംഗളൂരുവില്‍ മൂന്ന് ഉള്‍പ്പെടെ സംസ്ഥാനത്ത് 11 കൊവിഡ് മരണങ്ങളാണ് ഇന്ന് റിപോര്‍ട്ട് ചെയ്തത്. ഇതോടെ കര്‍ണാടകയിലെ മരണസംഖ്യ 191 ആയി.

Update: 2020-06-27 16:16 GMT

ബംഗളൂരു: കര്‍ണാടകയില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതോടെ സ്ഥിതിഗതികള്‍ വഷളാവുന്നു. ഇന്ന് മാത്രം 918 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ബംഗളുരുവില്‍ മാത്രം 596 പേര്‍ക്ക് കൊവിഡ് ബാധയേറ്റതായി കണ്ടെത്തി. ഇതോടെ ബംഗളൂരുവില്‍ മാത്രം ചികില്‍സയിലുള്ളവരുടെ എണ്ണം 1,913 ആയി. സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍, പോലിസുകാര്‍, ബസ് ജീവനക്കാര്‍ തുടങ്ങിയവരില്‍ കൊവിഡ് സ്ഥിരീകരിച്ചുകൊണ്ടിരിക്കുകയാണ്. 7,500 കൊവിഡ് പരിശോധനകള്‍ ബംഗളൂരുവില്‍ നടത്താന്‍ തുടങ്ങി ആദ്യഫലമാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്.

ബംഗളൂരു ഒഴിച്ചുളള മറ്റു ജില്ലകളില്‍ 50ല്‍താഴെയാണ് പുതിയ കൊവിഡ് രോഗികളുടെ എണ്ണം. ബംഗളൂരുവില്‍ മൂന്ന് ഉള്‍പ്പെടെ സംസ്ഥാനത്ത് 11 കൊവിഡ് മരണങ്ങളാണ് ഇന്ന് റിപോര്‍ട്ട് ചെയ്തത്. ഇതോടെ കര്‍ണാടകയിലെ മരണസംഖ്യ 191 ആയി. ഇന്ന് 371 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ഇപ്പോള്‍ 4,441 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. പരിശോധന നടത്തിയതില്‍ 12,547 പേരുടെ കൊവിഡ് ഫലങ്ങള്‍ ഇന്ന് നെഗറ്റീവ് ആയി. 13,577 പുതിയ സാംപിളുകളാണ് ഇന്ന് ശേഖരിച്ചത്. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ 8,888 കേസുകളും 146 മരണങ്ങളുമാണ് കര്‍ണാടകയില്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇനിവരുന്ന ദിവസങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

സ്ഥിതിഗതികള്‍ രൂക്ഷമായ സാഹചര്യത്തില്‍ കര്‍ണാടകയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് അവലോകനയോഗം തീരുമാനിച്ചു. ജൂലൈ അഞ്ചുമുതല്‍ ഞായറാഴ്ചകൡ സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തും. അവശ്യസേവനങ്ങളും വില്‍പനയും മാത്രമായിരിക്കും അന്നേദിവസം അനുവദിക്കുക. രാത്രി കര്‍ഫ്യൂ സമയത്തിലും മാറ്റംവരുത്തും. ഇനി മുതല്‍ രാത്രി 8 മണി മുതല്‍ രാവിലെ അഞ്ചുവരെയായിരിക്കും കര്‍ഫ്യൂ. നിലവില്‍ രാത്രി കര്‍ഫ്യൂ രാത്രി 9 മുതല്‍ രാവിലെ അഞ്ചുവരെയാണ്. തിങ്കളാഴ്ച മുതലായിരിക്കും പുതിയ സമയക്രമം പ്രാബല്യത്തില്‍ വരിക. സര്‍ക്കാര്‍ ഓഫിസുകള്‍ ആഴ്ചയില്‍ അഞ്ചുദിവസമായിരിക്കും പ്രവര്‍ത്തിക്കുക. ശനിയാഴ്ച മുതല്‍ എല്ലാ ശനിയാഴ്ചകളിലും സര്‍ക്കാര്‍ ഓഫിസുകള്‍ അടഞ്ഞുകിടക്കും.

Tags: