ഡൽഹിയിൽ കൊവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നു

ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 85 കൊവിഡ് കേസുകൾ മാത്രമാണ് റിപോർട്ട് ചെയ്തത്. 2020 മെയ് ഒന്നിന് ശേഷമുള്ള ഏറ്റവും താഴ്ന്ന കൊവിഡ് കേസുകളാണ് കഴിഞ്ഞദിവസം റിപോര്‍ട്ട് ചെയ്തത്.

Update: 2021-06-27 18:32 GMT

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കോവിഡ് പ്രതിദിന കേസുകളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നു. ഡല്‍ഹിയില്‍ ഇന്നു മുതല്‍ ജിം, യോഗാ സെന്റര്‍ തുടങ്ങിയവ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. ഓഡിറ്റോറിയം, ഹോട്ടല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിവാഹ ചടങ്ങുകള്‍ നടത്താം. എന്നാല്‍ ചടങ്ങില്‍ 50 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. നഗരത്തിൽ ഉച്ച മുതൽ രാത്രി 10 വരെ ബാറുകൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കുകയും റസ്റ്റോറന്റുകളുടെ സമയം ജൂൺ 20 മുതൽ രണ്ട് മണിക്കൂർ കൂടുതൽ ദീർഘിപ്പിക്കുകയും ചെയ്തിരുന്നു.

ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 85 കൊവിഡ് കേസുകൾ മാത്രമാണ് റിപോർട്ട് ചെയ്തത്. 2020 മെയ് ഒന്നിന് ശേഷമുള്ള ഏറ്റവും താഴ്ന്ന കൊവിഡ് കേസുകളാണ് കഴിഞ്ഞദിവസം റിപോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് ഒമ്പത് മരണങ്ങൾ മാത്രമാണ്. ഇതോടെ മരണ സംഖ്യ 24,961 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.12 ശതമാനമായി കുറഞ്ഞു. ഇത് എക്കാലത്തെയും താഴ്ന്ന ടിപിആര്‍ ആണ്.

നഗരത്തിൽ നിലവിൽ 1,598 കൊവിഡ് രോഗികളാണുള്ളത്. മാർച്ച് മൂന്നിന് ശേഷമുള്ള ഏറ്റവും കുറവ് രോഗികളാണിത്. ഡല്‍ഹിയില്‍ ഇതുവരെ 14.33 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. കേസുകള്‍ പ്രതിദിനം കുറയുന്നുണ്ടെങ്കിലും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മൂന്നാം തരംഗത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. മൂന്നാം തരംഗത്തെ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നേരിടാൻ തയ്യാറെടുക്കുകയാണെന്നും കെജ്‌രിവാള്‍ അറിയിച്ചു.

കൊവിഡ് രണ്ടാം തരംഗത്തിൽ ഭീതിദമായ അവസ്ഥയായിരുന്നു ഡൽഹിയിൽ. ദിവസേന 100ലധികം പേരാണ് കൊവിഡ് മൂലം മരിച്ചത്. ആശുപത്രികളിൽ ഓക്സിജൻ ലഭ്യതക്കുറവ് ഉണ്ടായതും മരണസംഖ്യ ഉയരാൻ കാരണമായി. മൃതദേഹങ്ങള്‍ ദഹിപ്പിക്കാനുള്ള നീണ്ടനിരയും കത്തുന്ന ചിതയുമെല്ലാം ദുരന്തത്തിന്റെ നേർചിത്രങ്ങളായിരുന്നു.

ഏപ്രിൽ 19 മുതൽ ദിവസേനയുള്ള കൊവിഡ് കേസുകളും മരണങ്ങളുടെ എണ്ണവും വീണ്ടും വര്‍ധിച്ചു, ഏപ്രിൽ 20ന് 28,000 കേസുകളും 277 മരണങ്ങളുമാണ് രേഖപ്പെടുത്തിയത്. ഏപ്രിൽ 22ന് രേഖപ്പെടുത്തിയത് 306 മരണങ്ങൾ. മെയ് മൂന്നിന് നഗരത്തിൽ 448 മരണങ്ങളും രേഖപ്പെടുത്തി. കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നത് രാജ്യ തലസ്ഥാനത്തിന് ഇപ്പോൾ ആശ്വാസമാവുകയാണ്.