ബ്ലാക്ക് ഫംഗസ് പ്രമേഹരോഗികളിൽ കൂടുതൽ: പഠനം
മ്യുക്കർമൈക്കോസിസ് ബാധിച്ച കൊവിഡ് 19 രോഗികളിൽ 71.3 ശതമാനം പേർക്ക് കൊവിഡ് വരുന്നതിനു മുൻപേ പ്രമേഹമുണ്ടായിരുന്നു.
ന്യൂഡൽഹി: മ്യുക്കർമൈക്കോസിസ് അല്ലെങ്കിൽ ബ്ലാക്ക് ഫംഗസ് എന്ന രോഗത്തെ കുറിച്ചുള്ള ബൃഹത്തായ ഒരു പഠനം മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചു. ഭാരതത്തിൽ നിന്നും 18 ആശുപത്രികൾ പങ്കെടുത്ത ഈ പഠനത്തിൽ കേരളവുമുണ്ട്.
കേരളത്തിൽ നിന്നും ഡോ. ജ്യോതിദേവ് കേശവദേവ്, ഗോപിക കൃഷ്ണൻ (ജ്യോതിദേവ്സ് ഡയബറ്റിസ് റിസർച്ച് സെന്റർ), ഡോ.ജോൺ പണിക്കർ (സ്വാന്ത്വന ഹോസ്പിറ്റൽ), മുഹമ്മദ് റഷീദ് (കിംസ് ഹോസ്പിറ്റൽ) എന്നീ ഡോക്ടർമാരാണ് ബൃഹത്തായ ഈ പഠനത്തിൽ പങ്കെടുത്തത്.
മ്യുക്കർമൈക്കോസിസ് ബാധിച്ച കൊവിഡ് 19 രോഗികളിൽ 71.3 ശതമാനം പേർക്ക് കൊവിഡ് വരുന്നതിനു മുൻപേ പ്രമേഹമുണ്ടായിരുന്നു. 13.9 ശതമാനം പേർക്ക് കൊവിഡ് വന്നതിനു ശേഷമാണ് രക്തത്തിലെ പഞ്ചസാര ഉയർന്നു തുടങ്ങിയത്. ഇതിൽ 100 ശതമാനം പേരും കൊവിഡ് ചികിത്സക്കായി സ്റ്റിറോയ്ഡ് സ്വീകരിച്ചവരുമായിരുന്നു.
സിടി സ്കാനിൽ കൊവിഡ് ന്യുമോണിയയുടെതായുള്ള സൂചനകൾ ബഹുഭൂരിപക്ഷം രോഗികളിലും കണ്ടിരുന്നു. മുമ്പ് നടന്ന പഠനങ്ങളിൽ നിന്നും വ്യത്യസ്തമായി 27.7 ശതമാനം ആയിരുന്നു ബ്ലാക്ക് ഫംഗസ് രോഗികളിൽ മരണ നിരക്ക്.