രാജ്യത്തെ 55 ശതമാനം പുതിയ കൊവിഡ് രോഗികളും കേരളത്തിൽ

പുതിയ രോഗികളുടെ എണ്ണത്തിൽ കേരളത്തിന്റെ തൊട്ടു താഴെയുള്ള മഹാരാഷ്ട്രയിൽ 5609 കേസുകളാണ് പുതുതായി വന്നിട്ടുള്ളത്.

Update: 2021-08-11 05:54 GMT

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 38,353 പുതിയ കൊവിഡ് രോഗികൾ. ഇതോടെ നിലവിൽ ഇന്ത്യയിൽ കൊവിഡ് ചികിൽസയിലുള്ള രോഗികളുടെ എണ്ണം 3,86,351 ആയി. 140 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിൽ 497 പേർ കൊവിഡ് കാരണം രാജ്യത്ത് മരണമ‌ടയുകയും ചെയ്തിട്ടുണ്ട്.

രാജ്യത്ത് ഇന്നലെ പുതുതായി കൊവിഡ് ബാധിച്ചവരിൽ 21,119 പേരും കേരളത്തിൽ നിന്നാണ്. ഇത് രാജ്യത്തെ പുതിയ കൊവിഡ് ബാധിതരിൽ 55.06 ശതമാനം വരും. പുതിയ രോഗികളുടെ എണ്ണത്തിൽ കേരളത്തിന്റെ തൊട്ടു താഴെയുള്ള മഹാരാഷ്ട്രയിൽ 5609 കേസുകളാണ് പുതുതായി വന്നിട്ടുള്ളത്.

കേരളവും മഹാരാഷ്ട്രയും കൂടാതെ, തമിഴ്നാട് (1893 രോഗികൾ), ആന്ധ്രാ പ്രദേശ് (1461 രോഗികൾ), കർണാടക (1338 രോഗികൾ) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പുതിയ രോഗികൾ ഉള്ളത്. രാജ്യത്തെ പുതിയ രോഗികളുടെ 81.92 ശതമാനവും ഈ അഞ്ചു സംസ്ഥാനങ്ങളിൽ നിന്നുമാണ്.

കൊവിഡ് ബാധിച്ച് ഇന്നലെ മരണമടഞ്ഞവരുടെ കണക്കുകളിലും മുന്നിൽ കേരളമാണ്. 152 പേരാണ് ഇന്നലെ കേരളത്തിൽ മരിച്ചത്. 137 മരണങ്ങളുമായി മഹാരാഷ്ട്രയാണ് തൊട്ടു പിന്നിൽ. കഴിഞ്ഞ 24 മണിക്കൂറിൽ 41,38.646 ഡോസ് വാക്സിനുകൾ നൽകികഴിഞ്ഞതായി കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. 17,77,962 സാംപിളുകൾ ടെസ്റ്റും ചെയ്തു.