കുട്ടികളില്‍ കൊവാക്‌സിന്‍ പരീക്ഷണം 10- 12 ദിവസത്തിനുള്ളില്‍ തുടങ്ങും

Update: 2021-05-18 18:15 GMT

ന്യൂഡല്‍ഹി: കുട്ടികളില്‍ കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ അടുത്ത 10- 12 ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രണ്ട് മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ കൊവാക്‌സിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കിയതായി നീതി ആയോഗ് അംഗം വി കെ പോള്‍ വ്യക്തമാക്കി. മെയ് 11 ന് സബ്ജക്ട് എക്‌സ്‌പെര്‍ട്ട് കമ്മിറ്റിയില്‍ (എസ്ഇസി) ഈ നിര്‍ദേശം ആലോചിച്ചതായി ആരോഗ്യമന്ത്രാലയം കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. തുടര്‍ന്ന് മെയ് 13ന്, രണ്ട് മുതല്‍ 18 വരെ പ്രായമുള്ളവരിലെ വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്ക് അനുമതി നല്‍കി.

വിവിധ സ്ഥലങ്ങളിലായി 525 പേരിലാണ് പരീക്ഷണം നടത്തുക. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) സഹകരണത്തോടെ ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കാണ് കൊവാക്‌സിന്‍ നിര്‍മിക്കുന്നത്. രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ പടര്‍ന്ന വൈറസ് വകഭേദം അടക്കമുള്ളവയ്‌ക്കെതിരേ കൊവാക്‌സിന്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. പുതിയ കൊവിഡ് വകഭേദം കുട്ടികളില്‍ ഗുരുതരമായി ബാധിക്കുന്നുവെന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ട് മുതല്‍ 18 വയസ് പ്രായമുള്ളവരില്‍ കൊവാക്‌സിന്‍ പരീക്ഷണം ഉടന്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്.

ഇന്ത്യയിലെ കൊവിഡ് വാക്‌സിനേഷന്‍ പ്രക്രിയയില്‍ മുതിര്‍ന്നവരില്‍ കൊവിഷീല്‍ഡിനൊപ്പം കൊവാക്‌സിനും ഉപയോഗിക്കുന്നുണ്ട്. മിക്ക രാജ്യങ്ങളും കുട്ടികളില്‍ പ്രയോഗിക്കുന്നതിന് ഒരു വാക്‌സിനും ഇതുവരെ അംഗീകരിച്ചിട്ടില്ല. 12 വയസിനും 15 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ഉപയോഗിക്കുന്നതിന് കഴിഞ്ഞയാഴ്ച യുഎസ്സിലെ ഫൈസര്‍ ബയോടെക്കിന്റെ കൊവിഡ് വാക്‌സിന്‍ അംഗീകരിച്ചിരുന്നു. 12 വയസും അതില്‍ കൂടുതലുമുള്ള കുട്ടികളില്‍ ഫൈസര്‍ ബയോടെക് വാക്‌സിന്‍ ഉപയോഗിക്കുന്നതിന് കാനഡയും അംഗീകാരം നല്‍കി.

Tags: