ഗുരുദ്വാരില്‍ കയറാന്‍ വിസമ്മതിച്ച ക്രിസ്ത്യന്‍ കരസേന ഉദ്യോഗസ്ഥനെ പുറത്താക്കിയ നടപടി ശരിവച്ച് സുപ്രിം കോടതി
ന്യൂഡല്‍ഹി: ഗുരുദ്വാരില്‍ കയറാന്‍ വിസമ്മതിച്ച ക്രിസ്ത്യന്‍ കരസേന ഉദ്യോഗസ്ഥനെ പുറത്താക്കിയ നടപടി ശരിവച്ച് സുപ്രിം കോടതി. രൂക്ഷ വിമര്‍ശനത്തോടെയാണ് കോടതി ഉത്തരവ് ശരിവച്ചത്. ദുഷ്ടനായ മനുഷ്യന്‍, അയോഗ്യന്‍ എന്നീ വിശേഷണങ്ങളും കോടതി പുറപ്പെടുവിട്ടു. സിഖുകാരനായ സഹ സൈനികരുടെ വിശ്വാസത്തെ ബഹുമാനിക്കാത്ത നടപടി വളരെ മോശമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അച്ചടക്കം പുലര്‍ത്തേണ്ട സൈനികര്‍ ഇതിലൂടെ അര്‍ഥമാക്കുന്നതെന്താണെന്ന് ചോദിച്ച കോടതി ഇയാളെ പുറത്താക്കിയത് മികച്ച നടപടിയാണെന്നും വിലയിരുത്തി. ചിലപ്പോള്‍ അദ്ദേഹം മികച്ച ഒരു ഓഫിസറായിരിക്കാം, എന്നാല്‍ അദ്ദേഹത്തെ ഇന്ത്യന്‍ ആര്‍മിക്ക് ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
സാമുവല്‍ കലകേശന്‍ എന്ന ഉദ്യോഗസ്ഥനെയാണ് സേനയില്‍ നിന്നും പുറത്താക്കിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉള്‍പ്പെടുന്ന സുപ്രിം കോടതി ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഗുരുദ്വാരില്‍ കയറാനുള്ള മേലുദ്യോഗസ്ഥന്റെ നിര്‍ദേശം തള്ളിയ അദ്ദേഹം അത് തന്റെ ഏകദൈവമായ യേശുവിന്റെ വിശ്വാസത്തിനെതിരാണെന്ന് വാദിക്കുകയായിരുന്നു. തുടര്‍ന്നാണ് സാമുവലിനെതിരേ സേന നടപടിയെടുത്തത്.