അദാനി ഗ്രൂപ്പിനെ അപകീര്‍ത്തിപ്പെടുത്തി; മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് ഒരു വര്‍ഷം തടവും പിഴയും വിധിച്ച് കോടതി
ഗാന്ധിനഗര്‍: അദാനി ഗ്രൂപ്പിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് ഒരു വര്‍ഷം തടവും പിഴയും വിധിച്ച് കോടതി. ഗുജറാത്തിലെ മാന്‍സ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷവിധിച്ചത്. അദാനി എന്റര്‍പ്രൈസസ് ഫയല്‍ ചെയ്ത മാനനഷ്ടക്കേസിലാണ് വിധി വന്നിരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനികളിലൊന്നാണ് അദാനി എന്റര്‍പ്രൈസസ്.
കമ്പനിയുടെയും അദാനി ഗ്രൂപ്പിന്റെയും സല്‍പ്പേരിന് കളങ്കം സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രചരണം ട്വിറ്റിലൂടെ രവിനായര്‍ നടത്തിയെന്നായിരുന്നു അദാനി എന്റര്‍പ്രൈസിന്റെ പരാതിയില്‍ പറഞ്ഞിരുന്നത്. ട്വീറ്റുകളിലുണ്ടായിരുന്നത് ന്യായമായ വിമര്‍ശനമല്ലെന്നും മറിച്ച് പൊതുജനങ്ങള്‍ക്കും നിക്ഷേപകര്‍ക്കും ഇടയില്‍ കമ്പനിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ബോധപൂര്‍വം ചെയ്തതാണെന്നുമാണ് അദാനി എന്റര്‍പ്രൈസിന്റെ വാദം. വിചാരണയ്ക്കൊടുവില്‍ കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു.