ഡൽഹി വംശീയാതിക്രമം: സിസിടിവി ദൃശ്യങ്ങളിൽ സാക്ഷി പ്രതിയെ തിരിച്ചറിഞ്ഞില്ല, അലീം സൈഫിക്ക് ജാമ്യം

സംഘർഷത്തിൽ പ്രാദേശവാസിയായ വിനോദ് കുമാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്.

Update: 2020-11-30 13:41 GMT

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ വംശീയാതിക്രമവുമായി ബന്ധപ്പെട്ട കൊലപാതകക്കേസിൽ ഒരാൾക്ക് ജാമ്യം. സിസിടിവി ദൃശ്യങ്ങളിൽ പോലും സാക്ഷിക്കോ പോലിസിനോ ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഫെബ്രുവരി 24 ന് ജാഫറാബാദ് പൗരത്വ പ്രക്ഷോഭത്തിന് നേരേയുണ്ടായ ഹിന്ദുത്വരുടെ വംശീയാതിക്രമത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പ്രാദേശവാസിയായ വിനോദ് കുമാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. കലാപത്തിൽ 53 പേർ മരിക്കുകയും 200 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ചെയ്ത കുറ്റം വളരെ ഗുരുതരമാണെങ്കിലും സൈഫിയുടെ പങ്ക് കാണേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. സഹപ്രതി അർഷദിനെ തിരിച്ചറിയുന്നതിന് പോലിസ് വിളിച്ചുവരുത്തിയാണ് അലീം സൈഫിയെ അറസ്റ്റ് ചെയ്തത്. സംഭവ സ്ഥലത്തിനടുത്തു നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ സഹപ്രതി അർഷാദിനെ ഇയാൾ തിരിച്ചറിഞ്ഞിട്ടുണ്ട്.