ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷന് തുടക്കം; ഇന്ധനവിലക്കയറ്റത്തിനെതിരേ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം

മുദ്രാവാക്യം വിളികളുമായി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതോടെ രാജ്യസഭ ഉച്ചവരെ നിര്‍ത്തിവച്ചു. ഇന്ധന വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നല്‍കിയ നോട്ടീസിന് അധ്യക്ഷന്‍ അനുമതി നിഷേധിച്ചു.

Update: 2021-03-08 06:49 GMT

ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷന് തുടക്കമായി. ആദ്യദിനം തന്നെ പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനയെച്ചൊല്ലി പ്രതിപക്ഷ അംഗങ്ങള്‍ ബഹളംവച്ചതിനെത്തുടര്‍ന്ന് സഭ പ്രക്ഷുബ്ധമായി. ചോദ്യോത്തര വേള ആരംഭിച്ചതിന് തൊട്ടുപിന്നാലെ മുദ്രാവാക്യം വിളികളുമായി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതോടെ രാജ്യസഭ ഉച്ചവരെ നിര്‍ത്തിവച്ചു. ഇന്ധന വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നല്‍കിയ നോട്ടീസിന് അധ്യക്ഷന്‍ അനുമതി നിഷേധിച്ചു.

ധനാഭ്യര്‍ഥനാ ചര്‍ച്ചയ്‌ക്കൊപ്പം ഈ വിഷയവും ചര്‍ച്ച ചെയ്യാമെന്നാണ് അധ്യക്ഷന്‍ എം വെങ്കയ്യ നായിഡു അറിയിച്ചത്. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെയാണ് സഭ നിര്‍ത്തിവച്ചത്. ആദ്യം രാവിലെ 10.02 മുതല്‍ 11 മണിവരെയും തുടര്‍ന്ന് ഇത് ഉച്ചയ്ക്ക് ഒരുമണി വരെയായും നീട്ടി. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വിലകുറഞ്ഞിട്ടും രാജ്യത്ത് പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വില വര്‍ധിക്കുകയാണെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി. പെട്രോള്‍ ലിറ്ററിന് നൂറുരൂപയ്ക്കടുത്തെത്തി.

ഡീസലിന് 80 രൂപയിലേറെയായി. എല്‍പിജി വിലയും കൂടി. എക്‌സൈസ് ഡ്യൂട്ടിയും സെസ്സും വഴി സര്‍ക്കാര്‍ 21 ലക്ഷം കോടി രൂപ സമാഹരിച്ചുകഴിഞ്ഞു. ജനങ്ങളാണ് ഇതുകൊണ്ട് ഏറെ ദുരിതമനുഭവിക്കുന്നതെന്നും ഈ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും ഖാര്‍ഗെ പറഞ്ഞു. ചട്ടം 257 പ്രകാരം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാനാണ് ഗാര്‍ഗെ നോട്ടീസ് നല്‍കിയത്. എന്നാല്‍, ഇതനുവദിക്കാതെ അധ്യക്ഷന്‍ ചോദ്യോത്തര വേളയിലേക്ക് കടന്നതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലേക്കിറങ്ങി മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് സഭ നിര്‍ത്തിവയ്ക്കുകയായിരുന്നു.

ആദ്യദിവസമായതിനാല്‍ കടുത്ത നടപടിയെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു രാജ്യസഭാ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡു പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാരോട് പറഞ്ഞത്. വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടക്കുകയും കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭം അരങ്ങേറിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലുമാണ് പാര്‍ലമെന്റ് ബജറ്റ് സമ്മേളനം നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എംപിമാര്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ലെന്നും സമ്മേളനം മാറ്റിവയ്ക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പാര്‍ലമെന്റ് സമ്മേളനം മാറ്റിവയ്‌ക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു കേന്ദ്രസര്‍ക്കാര്‍.

Tags:    

Similar News