കഫ് സിറപ്പ് ദുരന്തം; ശ്രീശൻ ഫാര്‍മസിയുടെ ഏഴു മരുന്ന് നിര്‍മാണ കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്
ചെന്നൈ: മധ്യപ്രദേശിലെ കഫ് സിറപ്പ് ദുരന്തത്തിന് കാരണമായ ശ്രീശൻ ഫാര്‍മസിയുടെ ഏഴ് മരുന്ന് നിര്‍മാണ കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. ചെന്നൈയിലെ ഏഴ് കേന്ദ്രങ്ങളിലാണ് തിങ്കളാഴ്ച റെയ്ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നിലവാരമില്ലാത്ത ചേരുവുകള്‍ ഉപയോഗിച്ച് നിര്‍മിച്ച മരുന്നുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് 20 കുട്ടികള്‍ക്ക് മരിച്ചതെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇഡിയുടെ നടപടി.
ശ്രീശൻ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ചെന്നൈ സോണല്‍ ഓഫിസുകളിലാണ് ഇഡി റെയ്ഡ് നടത്തിയത്. തമിഴ്നാട് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വസതികളില്‍ ഉള്‍പ്പെടെ റെയ്ഡ് നടക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മായം ചേര്‍ത്ത മരുന്നിന്റെ നിര്‍മാണവും വില്‍പ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും വരുമാനവും കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യം.
ശ്രീശൻ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിക്കുന്ന കോള്‍ഡ്രിഫ് മരുന്ന് നിലവാരമില്ലാത്താണ് എന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. തുടര്‍ന്ന് കേരളം, തമിഴ്നാട്, തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കോള്‍ഡ്രിഫ് ചുമമരുന്നിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. തമിഴ്നാട്ടിലെ ശ്രേഷന്‍ ഫാര്‍മസ്യൂട്ടിക്കല്‍സില്‍ നിന്നും നിര്‍മിച്ച കോള്‍ഡ്രിഫ് ചുമമരുന്നില്‍ ഡൈ എത്ലീന്‍ ഗ്ലൈക്കോള്‍ എന്ന വിലകുറഞ്ഞ വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന രാസവസ്തു വലിയ അളവില്‍ ചേര്‍ത്തിരിക്കുന്നതായി കണ്ടെത്തിയിരുന്നു.
രണ്ട് വയസു വരെയുള്ള കുട്ടികള്‍ക്ക് ചുമമരുന്ന് നല്‍കരുതെന്ന് ഡോക്ടര്‍മാര്‍ക്കും കുറിപ്പടിയില്ലാതെ മരുന്ന് നല്‍കരുതെന്ന് ഫാര്‍മസിസ്റ്റുകള്‍ക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതേ തുടര്‍ന്ന് നിര്‍ദേശം നല്‍കി. പൊതു താത്പര്യം മുന്‍നിര്‍ത്തി പുറപ്പെടുവിച്ച കര്‍ശനമായ നിര്‍ദേശം പാലിക്കണമെന്നും മന്ത്രാലയം പറഞ്ഞു. കോള്‍ഡ്രിഫ് ചുമമരുന്ന് നിര്‍മാണ കമ്പനിയായ ശ്രീശൻ ഫാര്‍മ കമ്പനി ഉടമ ജി രംഗനാഥനെ ഒക്ടോബര്‍ 9 ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒളിവിലായിരുന്ന ജി രംഗനാഥനെ ചെന്നൈ പൊലീസിന്റെ സഹായത്തോടെ മധ്യപ്രദേശ് പൊലീസാണ് അറസ്റ്റ് ചെയ്തത്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവര്‍ ചത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ശ്രേഷന്‍ ഫാര്‍മ എന്ന യൂണിറ്റ് നിര്‍മിക്കുന്ന 'കോള്‍ഡ്രിഫ്' ചുമ സിറപ്പ് കഴിച്ച് മധ്യപ്രദേശിലെ വിവിധ ജില്ലകളിലായി 20 കുട്ടികള്‍ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉടമയെ അറസ്റ്റ് ചെയ്തത്. 2022 ഒക്ടോബറില്‍ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ 70 കുട്ടികളും ഉസ്ബക്കിസ്ഥാനില്‍ 18 കുട്ടികളും മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അന്നു മുതല്‍ മരണത്തിന് പിന്നിലെ ഇന്ത്യന്‍ മരുന്നു കമ്പനികളുടെ പങ്കിനെ കുറിച്ച് ലോക ആരോഗ്യ സംഘടന സൂചിപ്പിച്ചിരുന്നു.

