കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങള്‍ ഏപ്രില്‍ മാസത്തില്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കും

Update: 2021-04-01 17:08 GMT

ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്ന് മുതല്‍ 30 വരെ എല്ലാ ദിവസങ്ങളിലും പൊതു, സ്വകാര്യമേഖലയിലെ എല്ലാ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളും (സിവിസി) തുറന്നുപ്രവര്‍ത്തിപ്പിക്കും. ഗസറ്റഡ് അവധി ദിനങ്ങള്‍ ഉള്‍പ്പെടെ മാസത്തിലെ എല്ലാ ദിവസങ്ങളിലും ഈ സിവിസികളില്‍ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തെഴുതിയിട്ടുണ്ട്.
കൊവിഡ് വാക്‌സിനേഷന്റെ വേഗതയും വ്യാപനവും വേഗത്തില്‍ വര്‍ധിപ്പിക്കുന്നതിന് പൊതുസ്വകാര്യമേഖലകളിലെ എല്ലാ കൊവിഡ് വാക്‌സിനേഷന്‍ സെന്ററുകളും പരമാവധി പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് മാര്‍ച്ച് 31 ന് സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ഈ നടപടി.

രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെും കൊവിഡില്‍നിന്ന് സംരക്ഷിക്കുന്നതിനുള്ള പ്രധാന മാര്‍ഗമാണ് വാക്‌സിനേഷനെന്നും ഇത് നിരന്തരം അവലോകനം ചെയ്യുന്നുണ്ടെന്നും ഉയര്‍ന്ന തലങ്ങളില്‍ നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. 45 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്‌സിനേഷന്‍ ഏപ്രില്‍ 1 മുതലാണ് ആരംഭിച്ചത്.

Tags: