കൊവിഡ്: ഇന്ത്യയിലെ പകുതിയോളം കേസുകൾ റിപോർട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലും കേരളത്തിലും

കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ കേസുകളുടെ കണക്കനുസരിച്ച് 21% മഹാരാഷ്ട്രയിൽ നിന്നും 32% കേരളത്തിൽ നിന്നുമാണ് റിപോർട്ട് ചെയ്തത്

Update: 2021-07-09 14:04 GMT

ന്യൂഡൽഹി: ഇന്ത്യയിലെ പകുതിയോളം കൊവിഡ് കേസുകൾ റിപോർട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലും കേരളത്തിലുമെന്ന് കേന്ദ്ര സർക്കാർ. കഴിഞ്ഞ ഒരാഴ്ച്ചത്തെ കൊവിഡ് കേസുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് കണക്ക് പുറത്തുവിട്ടത്.

കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ കേസുകളുടെ കണക്കനുസരിച്ച് 21% മഹാരാഷ്ട്രയിൽ നിന്നും 32% കേരളത്തിൽ നിന്നുമാണ് റിപോർട്ട് ചെയ്തതെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. .

കഴിഞ്ഞ ആഴ്ച തുടക്കത്തിൽ ഇരു സംസ്ഥാനങ്ങളിലും ഉയർന്ന തോതിലുള്ള അണുബാധകൾ റിപോർട്ട് ചെയ്യപ്പെട്ടിരുന്നു, അത് ജൂലൈ 6 ആകുമ്പോഴേക്കും കുറഞ്ഞിരുന്നു. വീണ്ടും അതേ നിലയിലേക്ക് ഉയർന്നുവെന്ന് അഗർവാൾ പറഞ്ഞു. ജൂലൈ ഒന്നിന് മഹാരാഷ്ട്രയിൽ 9,771 കേസുകൾ രജിസ്റ്റർ ചെയ്തു. ജൂലൈ 6 ന് ഇത് 6,740 ആയി കുറഞ്ഞെങ്കിലും വെള്ളിയാഴ്ച വീണ്ടും 9,083 ആയി.

ജൂലൈ ഒന്നിന് കേരളത്തിൽ 13,658 അണുബാധകൾ റിപോർട്ട് ചെയ്തു. ജൂലൈ 6 ന് ഇത് 8,037 ആയി കുറഞ്ഞെങ്കിലും വെള്ളിയാഴ്ച വീണ്ടും 13,772 ആയി. തീവ്രമായ നിയന്ത്രണ നടപടികളിലൂടെ മാത്രമേ ഇത് മറികടക്കാനാകൂവെന്ന് അഗർവാൾ കൂട്ടിച്ചേർത്തു.