രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 169; കേരളത്തില്‍ കാല്‍ലക്ഷത്തിലധികംപേര്‍ നിരീക്ഷണത്തില്‍

കൊവിഡ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കര്‍ണാടകയിലെ ദവാംഗരെ, ഉത്തര്‍പ്രദേശിലെ നോയിഡ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.

Update: 2020-03-19 02:31 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ്- 19 വൈറസ് ബാധിച്ചവരുടെ എണ്ണം 169 ആയി. തെലങ്കാനയില്‍ ഏഴുപേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് എണ്ണത്തില്‍ വര്‍ധനവുണ്ടായത്. പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരെല്ലാം ഇന്തോനീസ്യന്‍ പൗരന്‍മാരാണ്. കൊവിഡ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കര്‍ണാടകയിലെ ദവാംഗരെ, ഉത്തര്‍പ്രദേശിലെ നോയിഡ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇവിടെ മാത്രം 45 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് ബുധനാഴ്ച വൈറസ് സ്ഥിരീകരിച്ചത്.

പൂനെ ജില്ലയില്‍ മാത്രം 19 പേര്‍ക്ക് രോഗബാധയുണ്ട്. കശ്മീരില്‍ ആദ്യ കൊവിഡ് കേസ് റിപോര്‍ട്ട് ചെയ്തതായി ശ്രീനഗര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ ജുനൈദ് അസിം മാട്ടു പറഞ്ഞു. ഇതോടെ ജമ്മു ആന്റ് കശ്മീരില്‍ റിപോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം നാലായി. ഈ സാഹചര്യത്തില്‍ കശ്മീരില്‍ സന്ദര്‍ശനം നടത്തരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ വിദേശികളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ലഡാക്കില്‍നിന്ന് വരുന്ന സന്ദര്‍ശകരെ ക്വാറന്റൈന്‍ ചെയ്യാനും നിര്‍ദേശം നല്‍കി. രാജ്യത്തെ എല്ലാ പരീക്ഷകളും മാര്‍ച്ച് 31 വരെ മാറ്റിവയ്ക്കാന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിര്‍ദേശം നല്‍കി.

കൊവിഡ് പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. 16 സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. കൊവിഡ് 19 നിരീക്ഷണത്തിലിരുന്നയാള്‍ ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രി കെട്ടിടത്തില്‍നിന്ന് ചാടിമരിച്ചു സിഡ്‌നിയില്‍നിന്ന് വന്ന ഇയാളെ ഇന്നലെ രാത്രി 9 മണിയ്ക്കാണ് നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൈന, സൗത്ത് കൊറിയ, ഇറാന്‍, ഇറ്റലി, സ്‌പെയിന്‍ ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ ഫെബ്രുവരി 15നോ അതിന് ശേഷമോ സന്ദര്‍ശിച്ചവര്‍ ഇന്ത്യയില്‍ എത്തിയാല്‍ നിര്‍ബന്ധിത നിരീക്ഷണത്തില്‍ 14 ദിവസം കഴിയണം. സൗത്ത് കൊറിയയില്‍നിന്ന് ഇന്ത്യയില്‍ വരുന്നവര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

അതേസമയം, കേരളത്തില്‍ കാല്‍ലക്ഷത്തിലധികം പേരാണ് കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 237 പേര്‍ ആശുപത്രികളിലാണ്. ഇതുവരെ കിട്ടിയ 2,140 പേരുടെ സാമ്പിളുകള്‍ നെഗറ്റീവാണ്. ഇന്ന് കൂടുതല്‍ ഫലങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്ത് ആകെ 24 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം നിയന്ത്രിച്ച് ഉത്തരവിറങ്ങി. ഓഫിസുകളില്‍ അത്യാവശ്യമുളള സന്ദര്‍ശകരെ നിര്‍ദേശാനുസരണം മാത്രം കയറ്റിവിടാനും കഴിയുന്നത്ര തെര്‍മല്‍ സ്‌കാനിങ് ഉപയോഗിച്ച് സന്ദര്‍ശകരെയും ഉദ്യോഗസ്ഥരെയും പരിശോധിക്കണമെന്നുമാണ് നിര്‍ദേശം. ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് പരിശീലനവും നല്‍കും. ഒപ്പം ജീവനക്കാര്‍ കൂട്ടംകൂടുന്ന പരിപാടികള്‍ ഒഴിവാക്കാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്.

ഫിസിക്കല്‍ ഫയലുകള്‍ ഒഴിവാക്കി ഇ- ഫയലുകള്‍ ഉപയോഗിക്കണമെന്നും ഉത്തരവുണ്ട്. അതേസമയം, കൊവിഡ് പ്രതിരോധത്തിനായി തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തം വിപുലീകരിക്കാന്‍ മുഖ്യമന്ത്രി ഇന്ന് തദ്ദേശഭരണ സ്ഥാപനപ്രതിനിധികളുമായി ആശയവിനിമയം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുക്കും. തദ്ദേശഭരണസ്ഥാപനങ്ങളിലെ ക്രമീകരണം, ജില്ലാ തലത്തില്‍ കൊറോണ സെന്ററുകളുടെ രൂപീകരണം, ഉല്‍സവം ചടങ്ങുകള്‍ മാത്രമായി നടത്തുന്നതിനുള്ള ക്രമീകരണം എന്നിവ മുഖ്യമന്ത്രി വിശദീകരിക്കും. വിക്ടേഴ്‌സ് ചാനല്‍ വഴിയാണ് ആശയവിനിമയം. തദ്ദേശഭരണ സ്ഥാപന പ്രതിനിധികളും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളും ചര്‍ച്ചയുടെ ഭാഗമാവും. 

Tags: