കൊറോണ വൈറസ്: വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ശ്രമം

വിദേശകാര്യമന്ത്രലായത്തിനായിരിക്കും ഇതിന്റെ ചുമതല. ഇതുസംബന്ധിച്ച് കേന്ദ്രം ചൈനീസ് സര്‍ക്കാരുമായി ചര്‍ച്ച നടത്തി. മലയാളി വിദ്യാര്‍ഥികളടക്കം 250ലേറെ ഇന്ത്യക്കാരാണ് വുഹാനില്‍ കുടുങ്ങിക്കിടക്കുന്നത്.

Update: 2020-01-28 01:07 GMT

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നുപിടിച്ച വുഹാനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങി. ഡല്‍ഹിയില്‍ കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെ തീരുമാനപ്രകാരമാണ് നടപടികള്‍ സ്വീകരിച്ചത്. വിദേശകാര്യമന്ത്രലായത്തിനായിരിക്കും ഇതിന്റെ ചുമതല. ഇതുസംബന്ധിച്ച് കേന്ദ്രം ചൈനീസ് സര്‍ക്കാരുമായി ചര്‍ച്ച നടത്തി. മലയാളി വിദ്യാര്‍ഥികളടക്കം 250ലേറെ ഇന്ത്യക്കാരാണ് വുഹാനില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം സജ്ജമാക്കിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യയോട് പ്രത്യേക സര്‍വീസ് നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാന്‍ ഉള്‍പ്പടെയുള്ള പ്രവിശ്യകളില്‍ ഭീതിയില്‍ കഴിയുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തരനടപടി വേണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വുഹാനില്‍നിന്ന് ഇന്ത്യക്കാരെ പുറത്തെത്തിക്കാന്‍ പ്രത്യേക വിമാന സര്‍വീസ് നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ചൈനയില്‍ കൊറോണ വൈറസ് ബാധ മൂലം 81 പേര്‍ ഇതുവരെ മരണത്തിന് കീഴടങ്ങിയതായാണ് ചൈനയുടെ ഔദ്യോഗിക കണക്ക്. അതേസമയം, തെലങ്കാനയില്‍ നാലുപേര്‍ക്ക് കൊറോണ വൈറസ് ബാധയെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ചൈനയില്‍നിന്ന് തിരിച്ചെത്തിയ ഹൈദരാബാദ് സ്വദേശികളിലാണ് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്. ഇവരെ സര്‍ക്കാര്‍ ഫീവെര്‍ ആശുപത്രിയിലെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി. രാജസ്ഥാന്‍, ബിഹാര്‍, ബംഗളൂരു സ്വദേശികളെയും രോഗലക്ഷണങ്ങള്‍ കണ്ടതുമൂലം ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. 

Tags:    

Similar News