കൊറോണ വൈറസ്: ഇറാനില്‍ കുടുങ്ങിയ 58 അംഗ ഇന്ത്യന്‍ സംഘം മടങ്ങിയെത്തി
വ്യോമസേനയുടെ സി 17 ഗ്ലോബ് മാസ്റ്റര്‍ പ്രത്യേക വിമാനത്തിലാണ് ഇവരെ തിരികെ നാട്ടിലെത്തിച്ചത്. തിങ്കളാഴ്ച രാത്രിയാണ് വിമാനം ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിലേക്ക് പോയത്.
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ വ്യാപകമായ ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. 58 അംഗ സംഘത്തെയാണ് ചൊവ്വാഴ്ച രാവിലെ ഗാസിയാബാദിലെ വ്യോമസേന വിമാനത്താവളത്തിലെത്തിച്ചത്. ഇവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റും. വ്യോമസേനയുടെ സി 17 ഗ്ലോബ് മാസ്റ്റര്‍ പ്രത്യേക വിമാനത്തിലാണ് ഇവരെ തിരികെ നാട്ടിലെത്തിച്ചത്. തിങ്കളാഴ്ച രാത്രിയാണ് വിമാനം ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിലേക്ക് പോയത്. ഇറാനില്‍ 108 ഇന്ത്യക്കാരാണ് കുടുങ്ങിക്കിടന്നിരുന്നത്. ഇതില്‍ 58 പേരെയാണ് തിരികെയെത്തിച്ചത്.
രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് തിരികെയെത്തിക്കാന്‍ നടപടി ആരംഭിച്ചത്. ഇവരുടെ സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു. ഇറാനില്‍ തീര്‍ഥാടനത്തിന് പോയവരെയാണ് ഇപ്പോള്‍ തിരിച്ചെത്തിച്ചിരിക്കുന്നത്. തീര്‍ത്ഥാടകരില്‍ ഒരാള്‍ കൊറോണ ബാധിച്ച് ആശുപത്രിയില്‍ മരണപ്പെട്ടതിനെത്തുടര്‍ന്നാണ് ഇവരുടെ യാത്ര തടഞ്ഞത്. മല്‍സ്യത്തൊഴിലാളികളടക്കമുള്ളവരാണ് ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത്. ഇറാനില്‍ രണ്ടായിരത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. കൂടുതല്‍ പേരെ തിരിച്ചെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു.