പ്രശാന്ത് ഭൂഷനെതിരായ കേസ് ഭരണഘടനാ ബെഞ്ച് കേള്‍ക്കണം; സുപ്രിംകോടതി നടപടികളില്‍ അതൃപ്തി രേഖപ്പെടുത്തി ജസ്റ്റിസ് കുര്യന്‍ ജോസഫ്

ജഡ്ജിമാര്‍ക്കെതിരേ എത്രത്തോളം വിമര്‍ശനമാവാമെന്നതുള്‍പ്പടെയുള്ള വിഷയങ്ങള്‍ പരിഗണിക്കാന്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തില്‍ മൂന്നംഗ ബെഞ്ച് തീരുമാനമെടുത്തതിനോടാണ് കുര്യന്‍ ജോസഫ് പ്രധാനമായും വിയോജിപ്പ് രേഖപ്പെടുത്തിയത്.

Update: 2020-08-19 13:26 GMT

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെതിരായ കോടതിയലക്ഷ്യക്കേസില്‍ സുപ്രിംകോടതിയുടെ നടപടിക്രമങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി മുന്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് രംഗത്ത്. ജഡ്ജിമാര്‍ക്കെതിരേ എത്രത്തോളം വിമര്‍ശനമാവാമെന്നതുള്‍പ്പടെയുള്ള വിഷയങ്ങള്‍ പരിഗണിക്കാന്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തില്‍ മൂന്നംഗ ബെഞ്ച് തീരുമാനമെടുത്തതിനോടാണ് കുര്യന്‍ ജോസഫ് പ്രധാനമായും വിയോജിപ്പ് രേഖപ്പെടുത്തിയത്. ഇത്തരം പ്രധാന നിയമവിഷയങ്ങളില്‍ അഞ്ചംഗ ഭരണഘടന ബെഞ്ച് തീരുമാനമെടുക്കുകയെന്നതാണ് കീഴ്‌വഴക്കമെന്നും പ്രശാന്ത് ഭൂഷനെതിരായ കേസ് ഭരണഘടനാ ബെഞ്ച് കേള്‍ക്കണമെന്നും കുര്യന്‍ ജോസഫ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പ്രശാന്ത് ഭൂഷനെതിരായ ശിക്ഷയുടെ കാര്യത്തില്‍ നാളെ സുപ്രിംകോടതി തീരുമാനമെടുക്കാനിരിക്കെ ഒരു മുന്‍ സുപ്രിംകോടതി ജഡ്ജി തന്നെ നടപടിക്രമങ്ങളില്‍ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. ഒന്നോ രണ്ടോ വ്യക്തികളുമായി പരിമിതപ്പെടുത്തുന്ന വിഷയമല്ല കോടതിയലക്ഷ്യ ഹരജിയിലെ നടപടികള്‍. നീതിയെ സംബന്ധിച്ച് രാജ്യത്തിന്റെ ആശയവും നിയമശാസ്ത്രവുമായി ബന്ധപ്പെട്ട വലിയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്ന വിഷയമാണിത്. അതുകൊണ്ട് വിഷയം ഭരണഘടനാ ബെഞ്ച് പരിഗണിക്കേണ്ടതാണ്. സ്വമേധയാ ഫയല്‍ ചെയ്യുന്ന കോടതിയലക്ഷ്യകേസുകളില്‍ സുപ്രിംകോടതിയിലും അപ്പീലിനുള്ള അവസരമുണ്ടാവണം.

ആകാശം ഇടിഞ്ഞുവീണാലും കോടതികള്‍ നീതി നടപ്പാക്കണം. നീതിയുടെ ചെറിയ സാധ്യത പോലും അട്ടിമറിക്കപ്പെടാന്‍ പാടില്ല. ആര്‍ട്ടിക്കിള്‍ 145 (3) അനുസരിച്ച് ഭരണഘടനയുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും മൗലികമായ ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്ന തരത്തിലുള്ള കേസില്‍ കുറഞ്ഞത് അഞ്ച് ജഡ്ജിമാരടങ്ങുന്ന ബരണഘടനെ ബെഞ്ചാണ് തീരുമാനമെടുക്കേണ്ടത്. 1971 ലെ കോടതിയലക്ഷ്യ നിയമത്തിലെ സെക്ഷന്‍ 19 പ്രകാരം ഹൈക്കോടതിയിലെ സിംഗിള്‍ ജഡ്ജി ഉത്തരവ് പുറപ്പെടുവിക്കുകയാണെങ്കില്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ കൊടുക്കാനും ഡിവിഷന്‍ ബെഞ്ചാണെങ്കില്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കാനും അവസരമുണ്ട്.

ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാവണം. പക്ഷേ, നീതി നടപ്പാവാതിരിക്കുകയോ ഇക്കാര്യത്തില്‍ അലസതയുണ്ടാവുകയോ ചെയ്താല്‍ ആകാശം തീര്‍ച്ചയായും ഇടിഞ്ഞുവീഴും. അതിന് സുപ്രിംകോടതി അനുവദിക്കരുത്. ഇത്തരം കേസുകളില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് വിശാലമായ ചര്‍ച്ചയും പങ്കാളിത്തവും കോടതി മുറിയിലുള്ള ഹിയറിങ്ങും നടത്തേണ്ടതുണ്ട്. വ്യക്തികള്‍ വരും പോവും, പക്ഷേ, പരമോന്നത നീതിപീഠമായി സുപ്രിംകോടതി എന്നും നിലനില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News