മാനനഷ്ടക്കേസ്; അജിത്ത് ഡോവലിന്റെ മകനോട് മാപ്പുപറഞ്ഞ് ജയറാം രമേശ്
കള്ളപ്പണം വെളുപ്പിക്കാന്‍ വിവേക് ഡോവല്‍ വലിയ തോതില്‍ പണം നിക്ഷേപിച്ചുവെന്നായിരുന്നു ജയറാം രമേശിന്റെ ആരോപണം. കഴിഞ്ഞവര്‍ഷമാണ് ജയറാം രമേശ് വിവാദപ്രസ്താവന നടത്തിയത്. ഇതിനെതിരേ വിവേക് ഡോവല്‍ നിയമനടപടിയുമായി മുന്നോട്ടുപോവുകയായിരുന്നു.
ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന്റെ മകന്‍ വിവേക് ഡോവലിനോട് മാപ്പുപറഞ്ഞ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. കള്ളപ്പണം വെളുപ്പിക്കാന്‍ വിവേക് ഡോവല്‍ വലിയ തോതില്‍ പണം നിക്ഷേപിച്ചുവെന്നായിരുന്നു ജയറാം രമേശിന്റെ ആരോപണം. കഴിഞ്ഞവര്‍ഷമാണ് ജയറാം രമേശ് വിവാദപ്രസ്താവന നടത്തിയത്. ഇതിനെതിരേ വിവേക് ഡോവല്‍ നിയമനടപടിയുമായി മുന്നോട്ടുപോവുകയായിരുന്നു.
ജയറാം രമശിന്റെ ആരോപണം കാരവന്‍ മാഗസിന്‍ റിപോര്‍ട്ടും ചെയ്തു. ഇതെത്തുടര്‍ന്ന് തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും തനിക്കും സ്ഥാപനത്തിനും വിലമതിക്കാനാവാത്ത രീതിയില്‍ പ്രതിച്ഛായ നഷ്ടപ്പെട്ടെന്നും ചൂണ്ടിക്കാട്ടി വിവേക് ഡോവല്‍ ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു. തന്റെ പിതാവിനോടുള്ള രാഷ്ട്രീയവിരോധം തീര്‍ക്കുകയായിരുന്നു ജയറാം രമേശ്.
തെറ്റായ ആരോപണം മാസികയില്‍ പ്രസിദ്ധീകരിക്കുകയും ജയറാം രമേശ് ഇത് വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിക്കുകയും ചെയ്തുവെന്നും വിവേക് ഡോവല്‍ നല്‍കിയ മാനനഷ്ട കേസില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. തന്റെ പ്രസ്താവന മൂലം വിവേക് ഡോവലിനും കുടുംബത്തിനും എന്തെങ്കിലും ദോഷമുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് ജയറാം രമേശ് വ്യക്തമാക്കി. വെബ്‌സൈറ്റില്‍നിന്ന് ഇതുസംബന്ധിച്ച വാര്‍ത്താക്കുറിപ്പുകള്‍ നീക്കംചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലമായതിനാലാണ് ഇത്തരത്തിലൊരു പ്രസ്താവന തന്റെ പക്കില്‍നിന്നുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ഷമാപണം വിവേക് ഡോവല്‍ അംഗീകരിച്ചതിനാല്‍ ജയറാം രമേശിനെതിരായ മാനനഷ്ടക്കേസ് നടപടികള്‍ കോടതി അവസാനിപ്പിച്ചു. അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സച്ചിന്‍ ഗുപ്തയാണ് കേസില്‍ വാദം കേട്ടത്. അതേസമയം, മാപ്പപേക്ഷിക്കില്ലെന്ന് വ്യക്തമാക്കിയ കാരവന്‍ മാസികയ്ക്കും ലേഖകനുമെതിരായ മാനനഷ്ടക്കേസ് തുടരും. ജയറാം രമേശ് ക്ഷമാപണം നടത്തി, ഞങ്ങള്‍ അത് സ്വീകരിച്ചു. കാരവന്‍ മാസികയ്‌ക്കെതിരായ ക്രിമിനല്‍ മാനനഷ്ടക്കേസ് തുടരുമെന്ന് വിവേക് ഡോവല്‍ വ്യക്തമാക്കി. മറ്റൊരു ജഡ്ജിയുടെ മുമ്പാകെയാവും ഈ കേസ് നടക്കുക.

