ബിജെപി എംഎല്‍എ അയോഗ്യനാക്കപ്പെട്ട രാജസ്ഥാനിലെ ആന്റ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ജയം

Update: 2025-11-14 08:37 GMT

ജയ്പുര്‍: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേല്‍ക്കുമ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ആശ്വാസം. ബിജെപി എംഎല്‍എ കുറ്റകൃത്യത്തില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന ആന്റ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രമോദ് ജെയിന്‍ 15,594 വോട്ടിന്റെ മാര്‍ജിനില്‍ ജയിച്ചു. ഇവിടെ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപിയുടെ മോര്‍പാല്‍ സുമനെ പിന്തള്ളി സ്വതന്ത്ര സ്ഥാനാര്‍ത്ഥി നരേഷ് മീണയാണ് രണ്ടാമത്.

രാജസ്ഥാന്‍ നിയമസഭയിലെ അംഗമായിരുന്ന ബിജെപി എംഎല്‍എ കന്‍വര്‍ ലാല്‍ മീണയെ അയോഗ്യനാക്കുകയായിരുന്നു. 2005-ലെ സര്‍പഞ്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കേസാണ് ഈ അയോഗ്യതയ്ക്ക് കാരണമായത്. അന്നത്തെ സബ് ഡിവിഷണല്‍ ഓഫീസറെ പിസ്റ്റള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി എന്നതായിരുന്നു മീണക്കെതിരായ ആരോപണം. ഈ കേസില്‍ കോടതി അദ്ദേഹത്തിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. സുപ്രിം കോടതി അദ്ദേഹത്തിന്റെ അപ്പീല്‍ തള്ളിയതിനെ തുടര്‍ന്നാണ് മീണ കോടതിയില്‍ കീഴടങ്ങുകയായിരുന്നു.