കോണ്‍ഗ്രസ് സെക്രട്ടറി അജയ് കപൂര്‍ ബിജെപിയില്‍

Update: 2024-03-13 14:59 GMT

ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പു തിയ്യതി പ്രഖ്യാപിക്കാനിരിക്കെ കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും എഐസിസി ദേശീയ സെക്രട്ടറിയുമായ അജയ് കപൂര്‍ ബിജെപിയില്‍ ചേര്‍ന്നു. നിലവില്‍ കാണ്‍പുരില്‍നിന്നുള്ള മുന്‍ എംഎല്‍എ കൂടിയായ അജയ് കപൂറിനെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നതിനിടെയാണ് പാര്‍ട്ടി വിട്ടത്. ബിഹാറിന്റെ ചുമതലയും പാര്‍ട്ടി ഇദ്ദേഹത്തിന് നല്‍കിയിരുന്നു. കോണ്‍ഗ്രസ് സസ്‌പെന്‍ഡു ചെയ്ത പട്യാല എംപി പ്രണീത് കൗറും നാളെ ബിജെപിയില്‍ ചേര്‍ന്നേക്കും. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ ഭാര്യയാണ്.

56കാരനായ അജയ് കപൂറിന് കാണ്‍പൂര്‍ മേഖലയില്‍ വലിയ സ്വാധീനമാണുള്ളത്. 2002 മുതല്‍ 2017 വരെ മൂന്നു ടേമുകളില്‍ എംഎല്‍എ ആയിരുന്നു. ഗോവിന്ദ് നഗര്‍, കിദ്വായ് നഗര്‍ മണ്ഡലങ്ങളെയാണ് അജയ് കപൂര്‍ പ്രതിനിധീകരിച്ചത്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇത്തവണ കാണ്‍പുരില്‍നിന്ന് ബിജെപി സ്ഥാനാര്‍ഥിയാക്കിയേക്കും എന്നാണ് വിവരം.






Tags: