ലക്‌നോ: പീഡനക്കേസില്‍ അറസ്റ്റിലായി ജയലില്‍ കഴിയുന്ന കോണ്‍ഗ്രസ് എംപി രാകേഷ് റാത്തോഡിന് ജാമ്യം. സീതാപൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സിജെഎം) കോടതിയാണ് ജാമ്യം അനുവദിച്ചത്. അദ്ദേഹം ഇന്ന് ജയില്‍മോചിതനായേക്കും.ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 64 പ്രകാരം ഫയല്‍ ചെയ്ത പീഡനക്കേസില്‍ മാര്‍ച്ച് 11 ന് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നോ ബെഞ്ച് രാകേഷ് റാത്തോഡിന് ജാമ്യം അനുവദിച്ചിരുന്നു.
എന്നാല്‍ അതേ ദിവസം തന്നെ, സീതാപൂര്‍ പോലിസ് ബിഎന്‍എസ് സെക്ഷന്‍ 69 ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു. ഇതേതുടര്‍ന്ന് അദ്ദേഹത്തിന് ജയില്‍മോചിതനാകാന്‍ സാധിച്ചില്ല. തുടര്‍ന്ന് അദ്ദേഹം കീഴ്ക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഗൗരവ് പ്രകാശ് സെക്ഷന്‍ 69 കേസില്‍ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.
കോടതിയില്‍ അദ്ദേഹത്തിന് വേണ്ടി ഒരു ലക്ഷം രൂപ വീതമുള്ള രണ്ട് ജാമ്യ ബോണ്ടുകള്‍ സമര്‍പ്പിച്ചതായി എംപിയുടെ അഭിഭാഷകന്‍ വിജയ് കുമാര്‍ സിംഗ് പറഞ്ഞു. ജനുവരി 30 ന് അറസ്റ്റിലായ രാകേഷ് റാത്തോഡ് അന്നുമുതല്‍ സീതാപൂര്‍ ജില്ലാ ജയിലിലാണ്.പോലിസും പ്രോസിക്യൂഷനും പറയുന്നതനുസരിച്ച്, വിവാഹവാഗ്ദാനവും രാഷ്ട്രീയ ജീവിതത്തില്‍ സഹായിക്കാമെന്നും വാഗ്ദാനം ചെയ്ത് 45കാരിയായ സ്ത്രീയെ പീഡിപ്പിച്ചുവെന്നുമാണ് കോണ്‍ഗ്രസ് നേതാവിനെതിരെയുള്ള കുറ്റം.