'ഉപഗ്രഹങ്ങളെ നിയന്ത്രിക്കാമെങ്കിൽ ഇവിഎമ്മും നിയന്ത്രിക്കാം'; ക്രമക്കേട് ആരോപണവുമായി കോൺഗ്രസ്
എന്നാൽ ക്രമക്കേട് ആരോപണം ഇലക്ഷൻ കമ്മീഷൻ തള്ളി. സുപ്രിംകോടതി തള്ളിയ ആരോപണമാണെന്ന് ഇലക്ഷൻ കമ്മീഷൻ പ്രതികരിച്ചു.
പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കവേ വോട്ടിങ് മെഷിനിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ്. ഉപഗ്രഹങ്ങളെ നിയന്ത്രിക്കാമെങ്കിൽ വോട്ടിങ് മെഷിനുകളെയും നിയന്ത്രിക്കാൻ സാധിക്കുമെന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ് ആരോപിച്ചു.
ചൊവ്വയിലേക്കും ചന്ദ്രനിലേക്കും അയച്ച ഉപഗ്രഹം ഭൂമിയിൽനിന്ന് നിയന്ത്രിക്കുന്നുവെങ്കിൽ ഇവിഎം മെഷിൻ നിയന്ത്രിക്കാനും സാധിക്കില്ലേയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
എന്നാൽ ക്രമക്കേട് ആരോപണം ഇലക്ഷൻ കമ്മീഷൻ തള്ളി. സുപ്രിംകോടതി തള്ളിയ ആരോപണമാണെന്ന് ഇലക്ഷൻ കമ്മീഷൻ പ്രതികരിച്ചു. ബിഹാറിൽ മഹാസഖ്യത്തിന്റെ ഭാഗമായ കോൺഗ്രസ് 70 സീറ്റുകളിൽ മത്സരിക്കുന്നുണ്ടെങ്കിലും വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ല.
ഒടുവിലെ കണക്കുകളനുസരിച്ച് 74 മണ്ഡലങ്ങളിലാണ് ബിജെപി മുന്നേറുന്നത്. 64 സീറ്റുകളിൽ ആർജെഡി മുന്നിട്ടു നിൽക്കുന്നു. 50 സീറ്റിലാണ് ജെഡിയു മുന്നിട്ടു നിൽക്കുന്നത്. 19 സീറ്റിൽ മാത്രമാണ് കോൺഗ്രസിന് ലീഡ് നേടാൻ കഴിഞ്ഞിട്ടുള്ളത്. കോൺഗ്രസ് കൂടുതൽ സീറ്റിൽ മൽസരിക്കാൻ തീരുമാനിച്ചതാണ് മുസ് ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് മഹാ സഖ്യത്തിൽ സീറ്റ് ലഭിക്കാതിരുന്നത്.