തമിഴ്‌നാട്ടില്‍ അധികാരത്തില്‍ പങ്ക് ചോദിക്കരുത്, കോണ്‍ഗ്രസിനു കര്‍ശന നിര്‍ദേശം; മല്‍സരിക്കാന്‍ 25 സീറ്റ്
ചെന്നൈ: അധികാരത്തില്‍ പങ്കെന്ന വിഷയം ഇനി ഉന്നയിക്കരുതെന്ന കര്‍ശന നിര്‍ദേശം കോണ്‍ഗ്രസിനു നല്‍കി ഡിഎംകെ. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എം കെ സ്റ്റാലിനെ നേരില്‍ക്കണ്ട് തുടക്കമിട്ട ചര്‍ച്ചകള്‍ക്കു പിന്നാലെ, തമിഴ്‌നാട് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു ചുമതല വഹിക്കുന്ന ഗിരീഷ് ചോടങ്കര്‍ നടത്തിയ ചര്‍ച്ചയിലാണ് വിട്ടുവീഴ്ചയില്ലെന്നു ഡിഎംകെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി കനിമൊഴി എംപി വ്യക്തമാക്കിയത്. സഖ്യത്തിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസ് 39 സീറ്റും 2 രാജ്യസഭാ സീറ്റുകളും ആവശ്യപ്പെട്ടെന്ന് സൂചനയുണ്ട്. എന്നാല്‍, കഴിഞ്ഞ തവണ നല്‍കിയ 25 സീറ്റുകളും ഒരു രാജ്യസഭാ സീറ്റും മാത്രമേ ഇത്തവണയും നല്‍കാനാകൂവെന്ന് ഡിഎംകെ വ്യക്തമാക്കി.
ഇതിനിടെ, മുസ്ലിം ലീഗ്, എംഡിഎംകെ, മനിതനേയ മക്കള്‍ കക്ഷി എന്നിവരുമായുള്ള ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തിയായി. ലീഗും മനിതനേയ മക്കള്‍ കക്ഷിയും 5 വീതം സീറ്റ് ആവശ്യപ്പെട്ടു. എന്നാല്‍, ലീഗിനു പരമാവധി 2 സീറ്റുകള്‍ മാത്രമേ ഇത്തവണ നല്‍കാനാകൂവെന്ന് ഡിഎംകെ നിലപാടെടുത്തു.
ലീഗ് കോണി ചിഹ്നത്തില്‍ മത്സരിക്കാനൊരുങ്ങുമ്പോള്‍ മനിതനേയ മക്കള്‍ കക്ഷി എല്ലാ സീറ്റിലും ഡിഎംകെ ചിഹ്നത്തില്‍ തന്നെ മത്സരിക്കാനാണു നീക്കം. എംഡിഎംകെയും അധിക സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു പാര്‍ട്ടികളുമായുള്ള ചര്‍ച്ച വരും ദിവസം തുടരും.
