ഉപതിരഞ്ഞെടുപ്പിനുശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരും: കമല്‍നാഥ്

കോണ്‍ഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യസിന്ധ്യ ബിജെപിയില്‍ ചേരുകയും തൊട്ടുപിന്നാലെ 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറുകയും ചെയ്തതോടെയാണ് കമല്‍നാഥ് സര്‍ക്കാരിന് അധികാരം നഷ്ടമായത്.

Update: 2020-05-04 02:48 GMT

ഭോപ്പാല്‍: ഉപതിരഞ്ഞെപ്പിനുശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരുമെന്ന് മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ കമല്‍നാഥ്. സര്‍ക്കാര്‍ തിരിച്ചുവരുമെന്ന് തനിക്ക് പൂര്‍ണവിശ്വാസമുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തനിക്ക് 40 വര്‍ഷത്തെ പരിചയമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മധ്യപ്രദേശില്‍ 24 നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിക്കുന്നത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ 22 എംഎല്‍എമാരുടെ മണ്ഡലങ്ങളിലും രണ്ട് എംഎല്‍എമാരുടെ മരണത്തെത്തുടര്‍ന്ന് ഒഴിവുവന്ന സീറ്റുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ഇന്ന് വോട്ടര്‍മാര്‍ വളരെ ബോധവാന്‍മാരാണ്. അവര്‍ നിശബ്ദരാണെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. ജനങ്ങളെ വഴിതെറ്റിക്കില്ലെന്ന് മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യസിന്ധ്യ ബിജെപിയില്‍ ചേരുകയും തൊട്ടുപിന്നാലെ 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറുകയും ചെയ്തതോടെയാണ് കമല്‍നാഥ് സര്‍ക്കാരിന് അധികാരം നഷ്ടമായത്. ഉപതിരഞ്ഞെടുപ്പിനെക്കുറിച്ച് തനിക്ക് ആശങ്കയില്ല. ബിജെപിയുടെ നീക്കങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിയുള്ളവരാണ് വോട്ടര്‍മാര്‍.

മാര്‍ച്ചില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ച മണ്ഡലങ്ങളിലെ ജനങ്ങള്‍ക്കറിയാം അവര്‍ തിരഞ്ഞെടുത്തവര്‍ തങ്ങളെയും പാര്‍ട്ടിയെയും വഞ്ചിച്ചെന്ന്. നിയമസഭാംഗങ്ങള്‍ പാര്‍ട്ടി വിട്ടുപോയത് അത്യാഗ്രഹമാണെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് രാജിവച്ച എംഎല്‍എമാര്‍ക്ക് അവരുടെ നിയോജകമണ്ഡലങ്ങളില്‍ ഉചിതമായ മറുപടി ലഭിക്കും. ഉപതിരഞ്ഞെടുപ്പിന് ശേഷം എന്താണ് വേണ്ടതെന്ന് മധ്യപ്രദേശിലെ ജനങ്ങള്‍ക്ക് അറിയാം. 20-22 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കുമ്പോള്‍ ബിജെപി സര്‍ക്കാരിന് എങ്ങനെ നിലനില്‍ക്കാനാവും. മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടതില്‍ തനിക്ക് ദു:ഖമില്ല. താന്‍ ആരംഭിച്ച പദ്ധതികള്‍ക്ക് പുരോഗതി കൈവരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നുവെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News