പെട്രോളിനും ഡീസലിനും നികുതി കുറയ്ക്കില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി

രാജസ്ഥാനിൽ കോൺ​ഗ്രസ് സർക്കാർ സംസ്ഥാന നികുതി കുറയ്ക്കില്ലെന്ന നിലപാടെടുത്തതോടെ കെപിസിസി പരുങ്ങലിലായിട്ടുണ്ട്.

Update: 2021-11-04 18:26 GMT

ജയ്പൂർ: പെട്രോളിനും ഡീസലിനും നികുതി കുറയ്ക്കില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതിന് ആനുപാതികമായ മാറ്റം സംസ്ഥാനങ്ങൾ ഈടാക്കുന്ന വാറ്റ് തുകയിൽ ഉണ്ടായിട്ടുണ്ട്. 2014നേക്കാൾ ഇരട്ടിയാണ് തീരുവ ഇപ്പോൾ. കേന്ദ്രം ഇനിയും എക്‌സൈസ് തീരുവ കുറയ്ക്കണമെന്നും അശോക് ഗെലോട്ട് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിരുന്നു. സാഹചര്യം വിശദീകരിക്കാൻ ധനമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രം അധിക നികുതി പൂർണമായും പിൻവലിക്കണമെന്ന് ആവശ്യമെടുമെന്നും സിപിഎം തീരുമാനിച്ചു. ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താനാവുമെന്നും സിപിഎം വിലയിരുത്തി.

കേരളത്തിൽ ഇന്ധന നികുതി കുറക്കില്ലെന്ന് നേരത്തെയും ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്. സ്‌പെഷ്യൽ എക്‌സൈസ് നികുതിയാണ് കേന്ദ്രം കുറച്ചത്. ഇതിന്റെ വിഹിതം സംസ്ഥാനത്തിന് ലഭിക്കുന്നില്ല. കഴിഞ്ഞ ആറ് വർഷമായി ഡീസലിന് സംസ്ഥാനം നികുതി വർധിപ്പിച്ചിട്ടില്ല, എന്നാൽ ഒരു തവണ കുറയ്ച്ചിട്ടുണ്ടെന്നും അവകാശപ്പെട്ട ധനമന്ത്രി പോക്കറ്റടിക്കാരന്റെ ന്യായമാണ് കേന്ദ്രം പറയുന്നത് എന്നും കുറ്റപ്പെടുത്തി.

അടുത്തിടെയായി 30 രൂപയിൽ അധികമാണ് ഇന്ധന വിലയിൽ കേന്ദ്രം വർധിപ്പിച്ചിട്ടുള്ളത്. ഇത്തരത്തിൽ വലിയ വർധന വരുത്തി അതിൽ കുറച്ച് കുറയ്ക്കുകയാണ് ഇപ്പോൾ ചെയ്തത്. പോക്കറ്റടിക്കാരൻ മോഷ്ടിച്ച ശേഷം വണ്ടിക്കൂലി നൽകുന്ന പോലെയാണ് ഇതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം പെട്രോളിനും ഡീസലിനും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് കോൺ​ഗ്രസ് അധ്യക്ഷൻ കെ സുധാകരൻ രം​ഗത്ത് വന്നിരുന്നു. എന്നാൽ രാജസ്ഥാനിൽ കോൺ​ഗ്രസ് സർക്കാർ സംസ്ഥാന നികുതി കുറയ്ക്കില്ലെന്ന നിലപാടെടുത്തതോടെ കെപിസിസി പരുങ്ങലിലായിട്ടുണ്ട്. വരുംദിവസങ്ങളിൽ സംസ്ഥാനത്ത് കോൺ​ഗ്രസിനെ പ്രതിരോധിക്കാൻ സിപിഎം രാജസ്ഥാൻ കോൺ​ഗ്രസ് നിലപാട് ചർച്ചയാക്കാനുള്ള സാധ്യത ഏറെയാണ്.