ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ്തന്നെ തോല്‍വി സമ്മതിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
എന്റെ തോല്‍വി ഞാന്‍ അംഗീകരിക്കുന്നു. വികാസ്പുരി മണ്ഡലത്തിലെ എല്ലാ വോട്ടര്‍മാര്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഞാന്‍ നന്ദി അറിയിക്കുകയാണ്.
ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ പൂര്‍ത്തിയാവും മുമ്പേ തോല്‍വി സമ്മതിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. വികാസ്പുരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുകേഷ് ശര്‍മയാണ് ഫലസൂചനയുടെ ആദ്യ വിവരങ്ങള്‍ പുറത്ത് വരുന്നതിന് മുമ്പ് തന്നെ തോല്‍വി പരസ്യമായി സമ്മതിച്ചത്.
'എന്റെ തോല്‍വി ഞാന്‍ അംഗീകരിക്കുന്നു. വികാസ്പുരി മണ്ഡലത്തിലെ എല്ലാ വോട്ടര്‍മാര്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഞാന്‍ നന്ദി അറിയിക്കുകയാണ്. പ്രദേശത്ത് ഒരു സമഗ്രവികസനം ഉണ്ടാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ്. ഡല്‍ഹിയുടെയും വികാസ്പുരിയുടെയും ഉത്തമംനഗറിന്റെയും വികസനത്തിനായി ഭാവിയിലും ഞാന്‍ പോരാട്ടം തുടരും.' എന്നാണ് നാല് തവണ എംഎല്‍എയായ മുകേഷ് ട്വിറ്ററില്‍ കുറിച്ചത്.
മണ്ഡലത്തിലെ എല്ലാ മേഖലകളിലും വികസനമുണ്ടാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും ഡല്‍ഹിയുടെ വികസനത്തിനു വേണ്ടി ഇനിയും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ വരുമ്പോള്‍ തന്നെ ആം ആദ്മി പാര്‍ട്ടി വ്യക്തമായ ലീഡ് നിലനിര്‍ത്തുകയാണ്. ബിജെപി രണ്ടാംസ്ഥാനത്തും. ഇതുവരെയുള്ള ഫലങ്ങള്‍ വരുമ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായിട്ടില്ല.