കംപ്യൂട്ടറും മൊബൈലുമെല്ലാം ചോര്‍ത്താം; 10 ഏജന്‍സികള്‍ക്ക് അനുമതി

കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ്ഗൗബ ഒപ്പുവച്ച ഉത്തരവിലൂടെയാണ് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനമെടുത്തത്.

Update: 2018-12-21 07:12 GMT

ന്യൂഡല്‍ഹി: സംശയമുള്ള ഏതൊരു പൗരന്റെയും മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പ്, കംപ്യൂട്ടര്‍, ടാബ് ലറ്റുകള്‍ തുടങ്ങി വ്യക്തിഗതവിവരങ്ങളെല്ലാം ചോര്‍ത്താനും ഹാക്ക് ചെയ്യാനും 10 അന്വേഷണ ഏജന്‍സികള്‍ക്ക് അവസരമൊരുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ്ഗൗബ ഒപ്പുവച്ച ഉത്തരവിലൂടെയാണ് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനമെടുത്തത്. ഇതോടെ പൗരന്‍മാരുടെ വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും വര്‍ധിച്ചു. പുതിയ ഉത്തരവ് പ്രകാരംകേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് എളുപ്പത്തില്‍ ഉടമസ്ഥന്റെ അനുമതിയില്ലാതെ അവരുടെ എല്ലാ വിവരങ്ങളും നിയമാനുസൃതമായി തന്നെ ശേഖരിക്കാനും ചോര്‍ത്താനും ഹാക്ക് ചെയ്യാനുമാവും.

ഐബി, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, സിബിഐ, ഡയറക്ടറേറ്റ് ഓഫ് സിഗ്‌നല്‍ ഇന്റലിജന്‍സ്(ജമ്മുകശ്മീര്‍, നോര്‍ത്ത് ഈസ്റ്റ്, അസാം), ദില്ലി പോലിസ് കമ്മീഷണര്‍ എന്നീ ഏജന്‍സികള്‍ക്കാണ് ആദ്യഘട്ടത്തില്‍ അനമതി നല്‍കിയത്. ഇതോടെ, ഇതുവരെ നിലവിലുണ്ടായിരുന്ന നിയമങ്ങളനുസരിച്ച് നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോയ ശേഷം മാത്രം സാധ്യമായിരുന്ന വിവരശേഖരണം അനായാസേന കൈകാര്യം ചെയ്യാനാവും. മേല്‍പറഞ്ഞ അന്വേഷണ ഏജന്‍സികള്‍ക്ക് സംശയമുള്ള ഏതൊരു വ്യക്തിയുടെയും സ്ഥാപനത്തിന്റെയും കംപ്യൂട്ടറിലോ മൊബൈലിലോ ഉല്‍പാദിപ്പിക്കപ്പെടുന്ന, ശേഖരിക്കപ്പെട്ടിരിക്കുന്ന, കൈമാറ്റം ചെയ്യപ്പെടുന്ന ഡാറ്റ പരിശോധിക്കാനും നിരീക്ഷിച്ചുകൊണ്ടിരിക്കാനും വേണമെങ്കില്‍ ഡിക്രിപ്റ്റ് ചെയ്യാനും അധികാരമുണ്ടാവും. നിലവില്‍ അയക്കപ്പെടുന്ന ഡാറ്റ ഇന്റര്‍സെപ്റ്റ് ചെയ്യാനുള്ള അധികാരം മാത്രമാണുണ്ടായിരുന്നത്. നിലവിലുള്ള കംപ്യൂട്ടറുകളില്‍ നിന്നും

മറ്റും ഡിലീറ്റ് ചെയ്തു കളയുന്ന ഫയലുകള്‍ പോലും രാജ്യത്തിന്റെ പലകോണുകളിലുമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് റിക്കവര്‍ ചെയ്‌തെടുക്കാം. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരേ എന്‍ കെ പ്രേമചന്ദ്രന്‍ എംപി മുഖേന ലോക്‌സഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ട്. 

Tags: